Site icon Janayugom Online

അതിദരിദ്രരെ ചേര്‍ത്തു നിര്‍ത്താന്‍ ഉജ്ജീവനം

സംസ്ഥാനത്തെ അതിദരിദ്രരായ കുടുംബങ്ങളെ ചേര്‍ത്തു നിര്‍ത്താന്‍ കുടുംബശ്രീയുടെ ‘ഉജ്ജീവനം’ ക്യാമ്പയിന്‍. സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള കുടുംബങ്ങള്‍ക്ക് ഉപജീവനം ഒരുക്കുന്നതാണ് പദ്ധതി.
അതിദാരിദ്ര്യ അവസ്ഥയില്‍ നിന്നും മോചിപ്പിച്ച് അവരെ മുഖ്യധാരയിലേക്ക്കൊണ്ടു വരിക എന്നതാണ് ‘ഉയരട്ടെ സ്വയംപര്യാപ്തതയിലേക്ക് എന്ന ടാഗ് ലൈനില്‍ ഉജ്ജീവനം’ ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. 

ഉപജീവനം ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള 6429 കൂടുംബങ്ങളെയാണ് ഉജ്ജീവനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുക.
ക്യാമ്പയിന്‍ ആരംഭിച്ച് 100 ദിവസത്തിനുള്ളില്‍ സുസ്ഥിരമായ ഉപജീവന മാര്‍ഗത്തിലേക്ക് ഇവരെ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഉജ്ജീവനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് 25 ന് നടക്കും. നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 2024 ഫെബ്രുവരി ആദ്യം അവസാനിക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ക്യാമ്പയിന്റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള നിര്‍ദിഷ്ട സംഘങ്ങള്‍ കുടുംബങ്ങളെ ഭവന സന്ദര്‍ശനത്തിലൂടെ നേരില്‍ കാണും. ഗുണഭോക്താവിന്റെ ഉപജീവന സാധ്യതകള്‍, ഉപയോഗപ്പെടുത്താവുന്ന പദ്ധതികള്‍, ആവശ്യമായ പിന്തുണ എന്നിവ മനസിലാക്കി മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തും. ഉപജീവന പ്രവര്‍ത്തനങ്ങളുടെ പട്ടിക തദ്ദേശ സ്ഥാപന തല ക്യാമ്പയിന്‍ സംഘം തയ്യാറാക്കും. ഇതില്‍ അടിയന്തര പിന്തുണ ആവശ്യമുള്ളവര്‍, നൈപുണി വികസനം ആവശ്യമുള്ളവര്‍, പരിശീലനം ആവശ്യമുള്ളവര്‍ എന്നിങ്ങനെ വേര്‍തിരിച്ച് നവംബര്‍ 15 ന് മുന്‍പായി തയ്യാറാക്കി ജില്ലാതല സംഘത്തിന് സമര്‍പ്പിക്കും. ആവശ്യമായ എല്ലാ ഗുണഭോക്താക്കള്‍ക്കും കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് ടീം വഴി പരിശീലനവും ലഭ്യമാക്കും. 

ഓരോ പദ്ധതിക്കും സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ കുടുംബശ്രീ വിവിധ പദ്ധതികളിലൂടെ ലഭ്യമാക്കുകയും ചെയ്യും. 100 ദിവസം ക്യാമ്പയിന്‍ പിന്നിടുമ്പോള്‍ പരമാവധി ആളുകള്‍ക്ക് ഉപജീവനം ലഭ്യമാക്കുമെന്ന് കുടുംബശ്രീ സോഷ്യല്‍ ഡെവലപ്പ്മെന്റിന്റെ പ്രോഗ്രാം മാനേജര്‍ അരുണ്‍ ജനയുഗത്തോട് പറഞ്ഞു. 

Eng­lish Sum­ma­ry: Revival to keep the very poor together

You may also like this video

Exit mobile version