വിപ്ലവ കവി ഗദ്ദാര്‍ (77) അന്തരിച്ചു. ഹൈദ്രാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ജൂലൈ 20 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ഇന്നലെയോടെ വീണ്ടും നില വഷളാവുകയായിരുന്നു.
1949ല്‍ ജനിച്ച ഗദ്ദാറിന്റെ യഥാര്‍ത്ഥ നാമം ഗുമ്മദി വിത്തല്‍ റാവു എന്നാണ്. കവി, നാടൻപാട്ട് ഗായകന്‍, സാമൂഹിക അവകാശ പ്രവര്‍ത്തകൻ എന്നീ നിലകളില്‍ ശ്രദ്ധേയനായി. നിസാമാബാദിലും ഹൈദരാബാദിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1975ൽ കാനറ ബാങ്കിൽ ജീവനക്കാരനായി. 1980 കളില്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. പാര്‍ട്ടിയുടെ സാംസ്കാരിക സംഘടനയായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു ഗദ്ദാര്‍. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ആയി മാറിയ പാര്‍ട്ടിയില്‍ 2010 വരെ സജീവമായി പ്രവര്‍ത്തിച്ചു. തെലങ്കാന സംസ്ഥാന രൂപീകരണ പ്രക്ഷോഭങ്ങളിലും പങ്കാളിയായിരുന്നു.
സാമൂഹികമായ അനീതികള്‍ക്കും വിവേചനങ്ങള്‍ക്കും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കുമെതിരെ അദ്ദേഹം തന്റെ ഗാനങ്ങളിലൂടെ പോരാടി. രാജ്യത്തുടനീളം ഗദ്ദാറിന്റെ ഗാനങ്ങള്‍ ചര്‍ച്ചയായി. 1997 ഏപ്രിൽ ആറിനുണ്ടായ വധശ്രമത്തില്‍ വെടിയേറ്റ ശേഷവും ജീവിതത്തിലേക്ക് തിരികെയെത്തിയ ഗദ്ദാറിന്റെ നട്ടെല്ലില്‍ ഒരു വെടിയുണ്ട നീക്കം ചെയ്യപ്പെടാതെ അവശേഷിച്ചു.
2010 മുതല്‍ മാവോയിസ്റ്റ് സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും അകന്നു. 2017ല്‍ മാവോയിസ്റ്റ് ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചു. വോട്ടിങ്ങിനെ എതിര്‍ത്ത ഗദ്ദാര്‍ ആദ്യമായി 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ മാസം ഗദ്ദര്‍ പ്രജാ പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അറിയിച്ചിരുന്നു. ഭാര്യ വിമല. മക്കള്‍: സൂര്യൻ, ചന്ദ്ര, വെണ്ണില.
English Summary; Revolutionary poet Gaddar passed away
You may also like this video