ആര്‍ജി കര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം പ്രമേയമാക്കി ഹ്രസ്വചിത്രം നിര്‍മ്മിച്ച രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) വിദ്യാര്‍ത്ഥി നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് നടപടി.
ടിഎംസി വിദ്യാര്‍ത്ഥി വിഭാഗമായ തൃണമൂല്‍ ഛത്ര പരിഷത്ത് (ടിഎംസിപി) നേതാക്കളായ രജന്യ ഹാല്‍ദര്‍, പ്രാന്‍തിക്ക് ചക്രബര്‍ത്തി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ വനിതാ ഡോക്ടറെ അവതരിപ്പിച്ചത് ഹാല്‍ദറാണ്. പ്രാന്‍തിക്കായിരുന്നു സംവിധായകന്‍. എന്നാല്‍ ആരോപണം നിഷേധിച്ച് ഇരുവരും രംഗത്തെത്തി. സിനിമയുടെ പ്രമേയം സ്ത്രീശാക്തീകരണമാണെന്നും ആര്‍ജി കര്‍ സംഭവവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും പ്രാന്‍തിക്ക് പറഞ്ഞു.
ഹ്രസ്വചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിവാദങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയത്. മറ്റ് പാര്‍ട്ടികള്‍ ഈ സിനിമ രാഷ്ട്രീയ പകപോക്കലുകള്‍ക്ക് ഉപയോഗിച്ചാല്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്തവുമുണ്ടാവില്ലെന്ന് കാട്ടി ടിഎംസി നേതാവ് കുനാല്‍ ഘോഷ് എക്സില്‍ കുറിപ്പ് പങ്കുവച്ചതോടെ ഇരുവര്‍ക്കുമെതിരെ ടിഎംസിപി അച്ചടക്ക നടപടിസ്വീകരിക്കുകയായിരുന്നു. ചിത്രത്തിന്റെ ടീസറില്‍ സ്റ്റെതസ്കോപ്പുമായി നില്‍ക്കുന്ന വനിതാ ഡോക്ടറെ കാണാം. ഇതാണ് ആര്‍ജികര്‍ സംഭവമാണ് കഥയുടെ പശ്ചാത്തലമെന്ന ധാരണയിലെത്തിച്ചത്.
അതേസമയം വനിതാ ഡോക്ടറുടെ കൊലപാതക കേസില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സെപ്റ്റംബര്‍ 27ന് വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം മാറ്റിവയ്ക്കുകയായിരുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് ആശുപത്രിയുടെ സെമിനാര്‍ ഹാളില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജ്യമൊട്ടാകെ വന്‍ പ്രതിഷേധം ആളിക്കത്തിയിരുന്നു.