Site iconSite icon Janayugom Online

റിയാസ് മൗലവി വധകേസ്: വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസർകോട്ടെ റിയാസ് മൗലവി വധക്കേസില്‍ ഒരു വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേസില്‍ സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.2017 മാർച്ച് 20ന് അർദ്ധരാത്രിയാണ് ചൂരി പഴയ ജുമാ മസ്ജിദിനോട് ചേർന്നുള്ള വാസസ്ഥലത്ത് വെച്ച് കുടക്‌ സ്വദേശിയും കാസർകോട്‌ പഴയചൂരി പള്ളിയിലെ മദ്രസാധ്യാപകനുമായിരുന്ന റിയാസ്മൗലവി കൊല്ലപ്പെടുന്നത്. ബേക്കൽ കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ ആണ് ആദ്യം കേസന്വേഷണം നടത്തിയത്.

കാസർഗോഡ് പോലീസ് സ്റ്റേഷനിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. അന്ന് തന്നെ കേസന്വേഷണം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ഏൽപ്പിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസൻ ഐ പി എസിന്റെ നേതൃത്വത്തിലുളള സംഘമാണ് പിന്നീട് കേസന്വേഷണം നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.സംഭവം നടന്ന് 96 മണിക്കൂറുകൾ തികയും മുൻപ് തന്നെ മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അന്ന് മുതൽ ഏഴു വർഷവും ഏഴു ദിവസവും അവർ വിചാരണ തടവുകാരായി ജയിലിൽ കിടന്നു. പല ഘട്ടത്തിലും ജാമ്യത്തിന് വേണ്ടി ശ്രമിച്ചെങ്കിലും സംസ്ഥാന സർക്കാരിന്റെ കർക്കശമായ നിലപാട് മൂലം ജാമ്യം ലഭിച്ചതേ ഇല്ല. എൺപത്തിയഞ്ചാം ദിവസം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു.കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യയുടെ രേഖാ മൂലമുള്ള ആവശ്യ പ്രകാരം കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷകനും മികച്ച ക്രിമിനൽ അഭിഭാഷകരിൽ ഒരാളുമായ അഡ്വ. അശോകനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

മതസ്പർദ്ധ വളർത്തുന്ന തരത്തിലുളള കുറ്റകൃത്യമാണ് നടന്നത് എന്ന് സർക്കാരിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഐ പി സി 153 എ കുറ്റപത്രത്തിൽ ചേർക്കാനുളള സർക്കാർ അനുമതി പത്രവും നൽകിയതായും പിണറായി അഭിപ്രായപ്പെട്ടു. 97 സാക്ഷികളെയും 375 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ‌ ഹാജരാക്കി. 87 സാഹചര്യ തെളിവുകളും, 124 മേൽക്കോടതി ഉത്തരവുകളും സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കി2019 ൽ വിചാരണ നടപടികൾ തുടങ്ങി. 2023 മെയ് ഒന്നിന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അശോകൻ നിർഭാഗ്യവശാൻ മരണപ്പെട്ടു. വീണ്ടും ഭാര്യ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ, സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അശോകന്റെ സഹപ്രവർത്തകൻ കൂടിയായ കോഴിക്കോട്ടെ അഡ്വ. ടി ഷാജിത്തിനെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.കേസന്വേഷണത്തിലും, വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും പുലർത്തിയത്. അതിൽ ഒരു ഘട്ടത്തിലും ആരും പരാതി പറഞ്ഞിട്ടില്ലെന്നും അവരുടെ ആത്മർത്ഥയേയും അർപ്പണബോധത്തെയും കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

വിധി വന്നതിന് ശേഷവും സർക്കാർ ഈ കേസിൽ പുലർത്തിയ ജാഗ്രതയും ആത്മാർത്ഥയും അർപ്പണബോധവും ആ കുടുംബം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട് എന്നത് കാണാതിരിക്കാനാവില്ല. കേസ് അന്വേഷണത്തിലോ നടത്തിപ്പിലോ ഒരു തരത്തിലുമുള്ള അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ല. എന്നാൽ ഇത്രയധികം തെളിവുകളും ശാസ്ത്രീയപരിശോധഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും കേസിലെ വിധിന്യായം പ്രോസിക്യൂഷന്റെ കണ്ടെത്തലുകൾ ശരിവെച്ചില്ല. ഇത് സമൂഹത്തിൽ വല്ലാത്ത ഞെട്ടലുളവാക്കിയിട്ടുണ്ട്. റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടും. അതിനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.മതവിദ്വേഷത്തിന്റെ ഭാഗമായി മനുഷ്യരെ കൊല്ലുന്ന രീതി എന്തു വിലകൊടുത്തും അവസാനിപ്പിക്കുക തന്നെ വേണം.

ഇവിടെ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ ഇടപെടലും നടപടികളും ഉണ്ടായിട്ടുള്ളതായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി വ്യക്തമാക്കി ഐ പി സി 153 എ പ്രകാരമുള്ള കുറ്റം പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വ്യത്യസ്ത ജന വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുക വഴി കലാപമുണ്ടാക്കാൻ ശ്രമം നടത്തുന്നവരെ നിയമത്തിനു മുന്നിലെത്തിക്കുന്ന വകുപ്പാണത്. അറിസ്‌റ്റിലായ ശേഷം പ്രതികൾ ജാമ്യം ലഭിക്കാതെ 7 വർഷവും 7 ദിവസവും കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. യു എ പി എ ചുമത്താനുള്ള അപേക്ഷ ഹൈക്കോടതി തന്നെ വിചാരണക്കോടതിയുടെ തീർപ്പിന് വിട്ടതാണ്. യു എ പി എ നിയമത്തെ അനുകൂലിക്കുന്നവരിൽ നിന്നാണോ ഇപ്പോഴത്തെ വിമർശനം എന്നത് പരിശോധിക്കേണ്ടതാണെന്നും മാധ്യമപ്രര്‍ത്തകരുടെ മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞു

Eng­lish Sum­ma­ry: Riaz Maul­vi mur­der case: Chief Min­is­ter Pinarayi Vijayan says no wrongdoing

You may also like this video:

Exit mobile version