നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിൻ്റെ ഔട്ട് ടേൺ റേഷ്യോ (ഒടിആർ) 68 ശതമാനത്തിൽ നിന്നും 64. 5 ശതമാനം ആയി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്തത് മൂലം സപ്ലൈകോയ്ക്ക് 2019- 20 മുതൽ 2021- 22 വരെയുള്ള വർഷങ്ങളിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയായ 253.06 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനം.
2017 സെപ്തംബറിൽ നെല്ല് സംഭരണം ആരംഭിക്കേണ്ട സമയത്ത് നെല്ല് സംസ്കരണത്തിൽ കിട്ടുന്ന അരിയുടെ ഔട്ട് ടേൺ റേഷ്യോ (OTR ) കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള 68 ശതമാനം കിട്ടുന്നില്ല എന്ന കാരണത്താൽ മില്ലുടമകൾ യഥാസമയം നെല്ലെടുക്കാൻ വിസമ്മതിച്ചിരുന്നു. ഔട്ട് ടേൺ റേഷ്യോ ഒരു ക്വിൻ്റൽ നെല്ലിന് 68 ശതമാനത്തിൽ നിന്നും 64.5 ശതമാനം ആയി കേന്ദ്ര സർക്കാർ കുറവ് വരുത്തുന്നത് വരെയുള്ള സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ വഹിക്കുന്നതാണെന്ന് 2018 ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

