Site icon Janayugom Online

വാക്സിന്‍ വിതരണത്തില്‍ അസമത്വം തുടരുന്നു; സമ്പന്ന രാജ്യങ്ങള്‍ പാഴാക്കുന്നത് 10 കോടി ഡോസ്

സമ്പന്ന രാജ്യങ്ങള്‍ 10 കോടിയോളം കോവിഡ് വാക്സിനുകള്‍ പാഴാക്കി കളയുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ രാജ്യങ്ങള്‍ സംഭരിച്ചു വച്ചിരിക്കുന്ന വാക്സിനുകളുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ശാസ്ത്ര വിശകലന സ്ഥാപനമായ എയര്‍ഫിനിറ്റി പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് അവികസിത രാജ്യങ്ങളിലെ 1.9 ശതമാനം ജനങ്ങള്‍ക്കു മാത്രമാണ് കോവിഡ് വാക്സിന്റെ ഒന്നാം ഡോസെങ്കിലും ലഭിച്ചത്. എന്നാല്‍ യുഎസില്‍ 63 ശതമാനം പേര്‍ക്കും യുകെയില്‍ 71 ശതമാനം പേര്‍ക്കുമാണ് വാക്സിന്റെ ഒന്നാം ഡോസ് നല്‍കിയത്. കാലാവധി കഴിയുന്ന 10 കോടി വാക്സിനുകളുടെ 41 ശതമാനം യുറോപ്യന്‍ യൂണിയന്റെ കെെവശവും 32 ശതമാനം യുഎസിന്റെ കെെവശവുമാണെന്നാണ് കണക്കുകള്‍. 

ഗ്ലോബല്‍ ജസ്റ്റിസ് നൗ പുറത്തു വിട്ട വിവരങ്ങള്‍ പ്രകാരം, അവികസിത രാജ്യങ്ങള്‍ നേരിടുന്ന വാക്സിന്‍ ക്ഷാമത്തിന്റെ അടിസ്ഥാന കാരണം സമ്പന്ന രാജ്യങ്ങള്‍ വാക്സിന്‍ സംഭരിച്ചു വയ്ക്കുന്നതാണ്. കോവിഡ് 19 വാക്സിനുകളുടെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ ഒഴിവാക്കുന്നതുൾപ്പെടെ അവികസിത രാജ്യങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കാന്‍ സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഗ്ലോബല്‍ ജസ്റ്റിസ് നൗ ഡയറക്ടര്‍ നിക് ഡിയര്‍ഡെന്‍ പറഞ്ഞു.വാക്സിന്‍ ഉല്പാദനം കുത്തകാവകാശമായി കെെവശം വച്ചിരിക്കുന്ന രാജ്യങ്ങള്‍ ബൗദ്ധിക സ്വത്തവകാശം ഒഴിവാക്കിയാല്‍ മറ്റ് പല രാജ്യങ്ങള്‍ക്കും വാക്സിന്‍ നിര്‍മ്മിക്കാന്‍ കഴിയും. കോവിഡിനായുളള എംആര്‍എന്‍എ വാക്സിനുകള്‍ നിര്‍മ്മിക്കാന്‍ ആഫ്രിക്കയടക്കമുളള അവികസിത രാജ്യങ്ങള്‍ സജ്ജമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏഴോളം വാക്സിന്‍ നിര്‍മ്മാതാക്കളാണ് എംആര്‍എന്‍എ വാക്സിനുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധമായി മുന്നോട്ട് വന്നിട്ടുള്ളത്. 

അവികസിത രാജ്യങ്ങളിലും വാക്സിന്‍ വിതരണത്തിലെ തുല്യത ഉറപ്പാക്കാന്‍ വേണ്ടി ഡബ്ല്യുഎച്ച്ഒ നടപ്പാക്കുന്ന കോവാക്സ് പദ്ധതിയും ഇഴഞ്ഞാണ് നീങ്ങുന്നത്. യുനിസെഫ്, സിഇപിഐ തുടങ്ങിയ സംഘടനകളും കൈകോര്‍ക്കുന്ന പദ്ധതിയില്‍ ഈ വര്‍ഷം 200 കോടി ഡോസുകള്‍ വിതരണം ചെയ്യാനായിരുന്നു ലക്ഷ്യം. വാക്സിന്‍ ലഭിക്കാതെയായതോടെ 140 കോടിയായി ലക്ഷ്യം പുതുക്കിനിശ്ചയിച്ചിരുന്നു.
eng­lish summary;Rich coun­tries waste 10 crore dos­es of covid vaccine
you may also like this video;

Exit mobile version