തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കി. റിമാല്‍ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. പഞ്ചിമ ബംഗാള്‍— ബംഗ്ലാദേശ് തീരത്ത് തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ളത്. സംസ്ഥാനത്ത് പലയിടത്തും മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കേരളത്തില്‍ റെഡ് അലേര്‍ട്ടും മഴ ശക്തമാകുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിടിപിസികള്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ സമീപ ജില്ലകളിലും ഉള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.
മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളില്‍ തന്നെ മണ്ണിടിച്ചില്‍ സാധ്യത ഉള്ളയിടങ്ങളില്‍ സുരക്ഷ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ആവശ്യമായ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണം.
English Summary:
“Rimal” is the first cyclone of the year in the Bay of Bengal
You may also like this video: