Site iconSite icon Janayugom Online

സ്ഥാനാർഥി പട്ടികക്ക് പിന്നാലെ ബിജെപിയിൽ കലാപം; ഹരിയാനയിൽ മന്ത്രിയും എംഎൽഎയും രാജിവെച്ചു

ഹരിയാന നിയമസഭ തെര​ഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികക്ക് പിന്നാലെ ബിജെപിയിൽ കലാപ. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് മന്ത്രിയും എംഎൽഎയുമടക്കം നിരവധി പ്രമുഖർ രാജി പ്രഖ്യാപിച്ചു. വൈദ്യുതി മന്ത്രിയും റാനിയ എംഎൽഎയുമായ രഞ്ജിത് ചൗട്ടാല മന്ത്രിസ്ഥാനം രാജിവച്ചു. വിമതനായി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി. റതിയ എംഎൽഎ ലക്ഷ്മൺ നാപ എംഎൽഎ സ്ഥാനം രാജിവെച്ച് പാർട്ടി വിട്ടു. ബിജെപി സംസ്ഥാന നേതാവ് മോഹൻ ലാൽ ബദോലിക്ക് രാജിക്കത്ത് കൈമാറിയ ലക്ഷ്മൺ നാപ ഡൽഹിയിൽ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ സാന്നിധ്യത്തിൽ ഇന്നലെ കോൺഗ്രസിൽ ചേർന്നു. തന്റെ സിറ്റിങ് സീറ്റായ റതിയ മണ്ഡലത്തിൽ സിർസ മുൻ എംപി സുനിത ദഗ്ഗലിന് ബി​ജെപി ടിക്കറ്റ് നൽകിയതാണ് നാപയെ പ്രകോപിതനാക്കിയത്. 

മറ്റു മന്ത്രിമാരായ കരൺ ദേവ് കാംബോജ് (ഇന്ദ്രി മണ്ഡലം), ബിഷാംബർ വാൽമീകി (ബവാനി ഖേര മണ്ഡലം), സോനിപത്തിൽ നിന്നുള്ള മുൻ മന്ത്രി കവിതാ ജെയിൻ, ഷംഷേർ ഖാർകഡ, സുഖ്‌വീന്ദർ ഷിയോറൻ, ഹിസാറിൽ നിന്നുള്ള ഗൗതം സർദാന എന്നിവരും വിമത സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തെത്തി. ഗുസ്തി താരം കൂടിയായ ബിജെപി നേതാവ് യോഗേശ്വർ ദത്ത് സീറ്റ് കിട്ടാത്തതിലുള്ള അതൃപ്തി സോഷ്യൽ മീഡിയയിലൂടെ പ്രകടമാക്കി. കുരുക്ഷേത്രയിലെ ബിജെപി എം പി നവിൻ ജിൻഡാലിന്റെ അമ്മ സാവിത്രി ജിൻഡാൽ ഹിസാറിൽ നിന്ന് വിമത സ്ഥാനാർഥിയാകുമെന്ന് സൂചന നൽകി. 

Exit mobile version