Site iconSite icon Janayugom Online

കലാപ നീക്കം; കോൺഗ്രസ്, ലീഗ്, ബിജെപി സംയുക്തശ്രമം

ColeBColeB

സംസ്ഥാനത്ത് കലാപ നീക്കങ്ങളുമായി കോൺഗ്രസ്, ലീഗ്, ബിജെപി പാർട്ടികൾ രംഗത്ത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം പോലും ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങളുമായാണ് സമരം മുന്നേറുന്നത്. ആരോപണങ്ങൾക്ക് പിന്നിൽ വലിയ തോതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയെ നിരന്തരം തടയുന്നു എന്നത് സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനെ തന്നെ തടയാനുള്ള നീക്കമായി മാറി. ഇന്നലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനായി മലപ്പുറം, കോഴിക്കോട് ജില്ലകളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധങ്ങളുണ്ടായി.
മലപ്പുറം കുര്യാട് കോൺഗ്രസ്- മുസ്‌ലിം ലീഗ് പ്രവർത്തകരും കോട്ടയ്ക്കലിൽ യൂത്ത് ലീഗ് പ്രവർത്തകരും പുത്തനത്താണിയിലും കക്കാടും കോൺഗ്രസ് പ്രവർത്തകരുമാണ് കരിങ്കൊടി കാട്ടിയത്. കുന്നംകുളത്ത് ബിജെപി പ്രവർത്തകരും കരിങ്കൊടി കാട്ടിയിരുന്നു. കോഴിക്കോട് ജില്ലയിൽ പന്തീരാങ്കാവിൽ വച്ച് കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകർ പിന്നീട് കാരപ്പറമ്പിൽ വച്ചും കരിങ്കൊടി കാണിച്ചു. 

എരഞ്ഞിപ്പാലത്ത് പ്രതിഷേധവുമായെത്തിയത് കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകരാണ്. കോഴിക്കോട് സഹകരണ ആശുപത്രിയിൽ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലേക്ക് എത്തിയ യുവമോർച്ച പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നഗരത്തിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടികളെല്ലാം. ഇവിടങ്ങളിലെല്ലാം നിരന്തരം പ്രതിഷേധങ്ങൾ ഉയർത്തുകയായിരുന്നു കോൺഗ്രസ്- ലീഗ്- ബിജെപി പ്രവർത്തകർ.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിക്കുന്ന മാർച്ചുകളും വലിയ രീതിയിൽ അക്രമാസക്തമായി മാറുന്ന സാഹചര്യമുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് നടപടികൾ സ്വീകരിക്കുമ്പോൾ അതിനെതിരെ ആക്ഷേപകരമായി പ്രതികരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.

രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജൻസികളെ കൊണ്ട് നിശബ്ദരാക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നാൽ കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ഇടപെടലിൽ വ്യക്തമായ നിലപാട് പ്രഖ്യാപിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളെ സ്വാഗതം ചെയ്യുന്ന വി ഡി സതീശൻ രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കേന്ദ്രം ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന എഐസിസി നിലപാട് തന്നെയാണ് തങ്ങൾക്കുള്ളതെന്നും പറയുന്നു.
ഇഡിയുടെ നടപടികളിൽ തീർത്തും പരസ്പര വിരുദ്ധമായ നിലപാടാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടേത്. കേരളത്തിൽ കേന്ദ്ര ഏജൻസികൾക്ക് മുന്നോട്ടു പോകാമെന്നും വികസന പ്രവർത്തനങ്ങളെ വരെ അട്ടിമറിക്കാമെന്നും നിലപാടെടുക്കുന്ന കോൺഗ്രസ് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്നുവെന്ന് ആരോപിക്കുകയും ചെയ്യുന്നത് മറ്റൊരു ഇരട്ടത്താപ്പായും മാറിയിട്ടുണ്ട്. 

Eng­lish Sum­ma­ry: A joint effort of the Con­gress, the League and the BJP to make riots in the state 

You may like this video also

Exit mobile version