Site iconSite icon Janayugom Online

പൂനെയില്‍ കലാപം; 500 പേര്‍ക്കെതിരെ കേസെടുത്തു

വിദ്വേഷ വാട്സ്ആപ്പ് പോസ്റ്റിന് പിന്നാലെ പൂനെയിലെ യാവത് ജില്ലയില്‍ വര്‍ഗീയ കലാപം. സംഭവത്തില്‍ അഞ്ച് എഫ്ഐആറുകളിലായി അഞ്ഞൂറ് പേര്‍ക്കെതിരെ കേസെടുത്തു. വിദ്വേഷ പോസ്റ്റിട്ട യുവാവിനെയും സംഘര്‍ഷത്തിനിടെ പൊതുമുതല്‍ നശിപ്പിച്ച 17 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിനുള്ളില്‍ വച്ച് 60 വയസുള്ള പുരോഹിതന്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തെന്ന് സെയ്ദ് എന്ന യുവാവ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പൊതുമുതല്‍ നശിപ്പിക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്ത ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ ഉപയോഗിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി കോലാപ്പൂരിലെ സ്പെഷ്യല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ സുനില്‍ ഫുലാരി പറഞ്ഞു. 

Exit mobile version