2022 ല്‍ എത്തിയത് 683 പേര്‍
ഇംഗ്ലീഷ് ചാനലിലൂടെ യുകെയിലേക്ക് അനധികൃതമായി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന. 2021 ലെ 67 ല്‍ നിന്ന് കഴിഞ്ഞ വര്‍ഷം 683 ഇന്ത്യക്കാര്‍ ചെറുവള്ളങ്ങളിലൂടെ അനധികൃതമായി രാജ്യത്തെത്തിയെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2018‑ലും 2019‑ലും ഇന്ത്യക്കാരാരും ബ്രിട്ടനിലേക്ക് കടന്നിട്ടില്ലെന്നാണ് യുകെ ആഭ്യന്തര വിഭാഗം നല്‍കുന്ന വിവരം.
2020 ൽ 64 ഇന്ത്യക്കാര്‍ അനധികൃതമായി രാജ്യത്തെത്തി. ആഭ്യന്തര വിഭാഗാത്തിന്റെ 2022 ലെ യുകെയിലേക്കുള്ള ക്രമരഹിതമായ കുടിയേറ്റം എന്ന റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പരാമര്‍ശിച്ചിട്ടുള്ളത്. മറ്റ് അന്താരാഷ്‌ട്ര വിദ്യാർത്ഥികളേക്കാൾ വളരെ കുറഞ്ഞ ഫീസ് നൽകാൻ അഭയാർത്ഥികളെ അനുവദിക്കുന്ന നിയമത്തിലെ പഴുതുകൾ ഇന്ത്യൻ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നുണ്ടാകാമെന്ന് ആഭ്യന്തര വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ടെെംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2022 അവസാനം വരെ ഇന്ത്യക്കാർക്ക് 30 ദിവസം വരെ വിസയില്ലാതെ സെർബിയയിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു. ചില ഇന്ത്യക്കാർ യൂറോപ്യൻ യൂണിയനിലേക്കും തുടർന്ന് യുകെയിലേക്കും ചെറുബോട്ടുകളിൽ യാത്രചെയ്യാൻ ഇത് കാരണമായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
റിപ്പോർട്ട് പ്രകാരം 2022‑ൽ ഇംഗ്ലീഷ് ചാനലിൽ നിന്ന് യുകെയിലേക്ക് അനധികൃതമായി പ്രവേശിച്ചവരുടെ എണ്ണം 45,755 ആയിരുന്നു. അൽബേനിയ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇത്തരം അനധികൃത കുടിയേറ്റക്കാരില്‍ കൂടുതലും. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലന്ന് യുകെ പ്രധാനമന്ത്രി റിഷി സുനക് വ്യക്തമാക്കിയിരുന്നു. ഇത്തരം കുടിയേറ്റക്കാരെ ആഴ്ചകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്ത് രാജ്യത്ത് നിന്ന് നീക്കം ചെയ്യുമെന്നും ഒന്നുകിൽ സ്വന്തം രാജ്യത്തേക്കോ റുവാണ്ട പോലുള്ള സുരക്ഷിതമായ മൂന്നാം രാജ്യത്തിലേക്കോ തിരിച്ചയക്കുമെന്നും അനധികൃത കുടിയേറ്റ ബിൽ അവതരിപ്പിക്കവേ റിഷി പ്രഖ്യാപിച്ചിരുന്നു. രേഖകളില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ മാതൃരാജ്യത്തേക്ക് തിരികെ കൊണ്ടുവരാൻ ഇന്ത്യയുമായി യുകെയ്ക്ക് കരാറുണ്ടെന്നും റിഷി സുനക് സൂചിപ്പിച്ചിരുന്നു. ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം എന്ന വ്യവസ്ഥ ജനുവരി ഒന്നിന് സെർബിയ പിൻവലിച്ചിരുന്നു.
English Sammury: UK illegal immigration: Rise in Indian numbers