Site iconSite icon Janayugom Online

ആഗോള എണ്ണവിലയിലെ വര്‍ധന; വില കുതിച്ചുയരും

റഷ്യ‑ഉക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഉപഭോക്തൃ വിലസൂചികയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് വിലയിരുത്തല്‍. ആഗോള എണ്ണവില നിലവില്‍ 130 ഡോളര്‍ പിന്നിട്ടുകഴി‍ഞ്ഞു. ഇതിന്റെ ഫലമായി രാജ്യത്ത് ഇന്ധനവില ഘട്ടംഘട്ടമായി ഒരാഴ്ചയ്ക്കുള്ളില്‍ 25 രൂപവരെ ഉയരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
നിലവില്‍ രാജ്യത്തെ പണപ്പെരുപ്പം ആര്‍ബിഐയുടെ പരിധിയായ ആറു ശതമാനം കടന്നിട്ടുണ്ട്. 6.1 ശതമാനമായിരുന്നു ജനുവരിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അടുത്ത സാമ്പത്തികവര്‍ഷം റിസര്‍വ് ബാങ്ക് വിലയിരുത്തലായ 4.5 ശതമാനം വിലക്കയറ്റം എന്ന കണക്ക് അഞ്ച് ശതമാനത്തിന് അപ്പുറമാകുമെന്ന് ബ്രിട്ടീഷ് ധനകാര്യ സ്ഥാപനമായ ബാര്‍ക്ലെയ്സ് വിലയിരുത്തുന്നു. 4.5 ശതമാനത്തില്‍ നിന്നും 5.1 ലേക്കാണ് അനുമാനം ഉയര്‍ത്തിയിട്ടുള്ളത്.
പെട്രോളിയം ഇറക്കുമതി രാജ്യമായ ഇന്ത്യയെ ഉക്രെയ്ന്‍ യുദ്ധം ഗുരുതരമായ വിലക്കയറ്റത്തിലേക്ക് തള്ളി വിടുമെന്ന വിലയിരുത്തലാണ് മറ്റ് ധനകാര്യ സ്ഥാപനങ്ങളും പങ്കുവയ്ക്കുന്നത്. 2022–23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത് പ്രതിഫലിക്കുന്നതോടെ ഇന്ത്യന്‍ ആഭ്യന്തര വിപണിയെ വിലക്കയറ്റം കാര്യമായി ബാധിക്കും. 120 ഡോളറിന് എണ്ണ വാങ്ങേണ്ടിവരുന്നത് ഇന്ത്യയുടെ ഇറക്കുമതിയില്‍ അധികമായി 60 ബില്യണ്‍ ഡോളറിന്റെ അധികചെലവ് ഉണ്ടാക്കുമെന്ന് ക്രെഡിറ്റ് സ്യൂസ് കണക്കുകൂട്ടുന്നു. 120 നിലവാരത്തില്‍ എണ്ണവില തുടര്‍ന്നാല്‍ പണപ്പെരുപ്പം 100 ബേസിസ് പോയിന്റ് ഉയരുമെന്നും വിലയിരുത്തപ്പെടുന്നു.
എണ്ണവില വര്‍ധന ജിഡിപിയില്‍ 1.9 ശതമാനത്തിന്റെ ആഘാതമുണ്ടാക്കുമെന്ന് എംകെ ഗ്ലോബലിലെ സാമ്പത്തിക വിദഗ്ധ മാധവി അറോറ പറഞ്ഞു. കുടുംബങ്ങളുടെ വരുമാനത്തില്‍ 17 ലക്ഷം കോടിയുടെ കുറവുണ്ടാകും. സര്‍ക്കാരുകളുടെ വരുമാനം കുറയുന്നതിനും കറണ്ട് അക്കൗണ്ട് കമ്മി വർധിക്കുന്നതിനും പുതിയ സാഹചര്യം കാരണമാകും. ഇന്ധന വിലയിലെ കുതിപ്പ് രാജ്യത്തെ സമസ്ത മേഖലകളിലും കാര്യമായ വ്യതിചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ എണ്ണ വില വര്‍ധന സംബന്ധിച്ച എണ്ണ കമ്പനി നിര്‍ദേശങ്ങള്‍ക്ക് പച്ചക്കൊടി കാട്ടാതിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദം എണ്ണക്കമ്പനികള്‍ക്കുമേല്‍ ഇനി ഉണ്ടാകില്ല. ഇതോടെയാണ് രാജ്യത്തെ ഇന്ധന വിലയില്‍ വന്‍ കുതിപ്പ് പ്രതീക്ഷിക്കപ്പെടുന്നത്. അവശ്യ സാധനങ്ങളിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെങ്കില്‍ രാജ്യത്തെ പാവപ്പെട്ടവനും സാധാരണക്കാരനും വന്‍ പ്രതിസന്ധിയിലേക്കു നീങ്ങുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

Eng­lish Sum­ma­ry: Ris­ing glob­al oil prices; The price will go up

You may like this video also

Exit mobile version