Site iconSite icon Janayugom Online

പേപ്പർ വില വർധന: അച്ചടി മേഖല കടുത്ത പ്രതിസന്ധിയിൽ

paperpaper

അച്ചടി മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി പേപ്പർ വില വർധന. കഴിഞ്ഞ ആറ് മാസത്തിനകം വിവിധയിനം പേപ്പറുകൾക്ക് 50 ശതമാനത്തിലേറെയാണ് വില വർധിച്ചത്. ന്യൂസ് പ്രിന്റിന്റെ വില ഇരട്ടിയോളമായി. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ നോട്ട് ബുക്ക്, പാഠപുസ്തകങ്ങൾ മുതലായ എല്ലാ കടലാസ് നിർമ്മിത ഉല്പന്നങ്ങളുടെയും വില വലിയ തോതിൽ വർധിക്കും. കടലാസിന്റെയും മഷി, കെമിക്കൽസ്, പ്ലേറ്റുകൾ തുടങ്ങിയ അച്ചടി അനുബന്ധ സാമഗ്രികളുടെയും അസംസ്കൃത വസ്തുക്കളുടെയും വില ക്രമാതീതമായി വർധിക്കുന്നു എന്നു മാത്രമല്ല, ഏതാനും നാളുകളായി ആവശ്യാനുസരണം ഇവ ലഭ്യമാകുന്നുമില്ല.
ദീർഘകാല കരാർ ഏറ്റെടുത്തിട്ടുള്ള പല പ്രസുകളും കടലാസിന്റെ അമിത വിലക്കയറ്റവും രൂക്ഷ ക്ഷാമവും കാരണം കിട്ടാനുള്ള വൻ തുകകൾ പോലും ഉപേക്ഷിച്ച് കരാറിൽ നിന്ന് പിന്നാക്കം പോകുകയാണ്. ചെറുകിട പ്രസുകൾ പലതും പൂട്ടി. ന്യൂസ് പ്രിന്റ് വില ഇരട്ടിയായതോടെ വർത്തമാനപത്രങ്ങളും പ്രതിസന്ധി നേരിടുകയാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഒരിക്കൽ ഏറ്റവും കൂടുതൽ പ്രചാരമുണ്ടായിരുന്ന മംഗളം വാരിക നഷ്ടം സഹിക്കാനാവാതെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു.

ജിഎസ്‍ടിയുടെ ആഘാതം അച്ചടി മേഖലയെ വലിയ തോതിലാണ് പ്രശ്നത്തിലാക്കിയത്. നികുതി വിമുക്തമായിരുന്ന അച്ചടി മേഖലയിൽ 2005ൽ വാറ്റ് നടപ്പാക്കിയപ്പോൾ 5 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയത്. 2017ൽ ജിഎസ്‍ടി വന്നപ്പോൾ മുതൽ അഞ്ച് ശതമാനം മുതല്‍ 12 ശതമാനം വരെയായിരുന്നു ഭൂരിപക്ഷം അച്ചടി ഉല്പന്നങ്ങളുടെയും നികുതി നിരക്ക്. 2021 ഒക്ടോബർ ഒന്ന് മുതൽ ജിഎസ്‍ടി നിരക്ക് 18 ശതമാനം ആക്കി കുത്തനെ വർധിപ്പിച്ചു. അച്ചടി വ്യവസായത്തിനു മാത്രമല്ല ഉപഭോക്താക്കൾക്കും ഇത് കനത്ത ആഘാതമായി.

സംസ്ഥാനത്ത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ വലുതും ചെറുതുമായി 10,000ൽപ്പരം അച്ചടി സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. ഇപ്പോഴത് 3700ൽ താഴെയായി. ഒരു ലക്ഷത്തോളം പേരുടെ ഉപജീവന മാർഗമാണ് ഈ വ്യവസായം. കടലാസ് ഇറക്കുമതി വർധിപ്പിക്കുക, ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന പേപ്പറുകളുടെ വില നിയന്ത്രിക്കുക, അവ യഥേഷ്ടം ലഭ്യമാക്കുക മുതലായവയാണ് കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ. ഇതിനായി കേന്ദ്ര‑സംസ്ഥാന ഗവൺമെന്റുകൾ അടിയന്തരമായി ഇടപെടണമെന്നും അവർ പറയുന്നു.

Eng­lish Sum­ma­ry: Ris­ing paper prices: Print­ing sec­tor in deep crisis

You may like this video also

Exit mobile version