വേഷപ്പകർച്ചയിൽ കാലംതെറ്റി
ഋതുക്കൾ
ഭൂമിക്കാഴിച്ചേല ചുറ്റി
പർവത മുകളിൽ ജലം നിറച്ചു
പലതവണ ഋതുമതിയാകുന്നു ഭൂമി
ദേവദാരു പുഷ്പിണിയായതു
നവവധുവായണിഞ്ഞൊരുങ്ങി
ദേശാടന പറവകളോയിന്ന്
സരളതരുക്കളിൽ കൂടുകൂട്ടുന്നു
സൂര്യനണഞ്ഞു മറുകരയിൽ
കാലഗതിയിൽ ദിക്കുപിഴച്ചു
മദിച്ചെഥേഷ്ടം വിരഹിച്ച മൃഗങ്ങൾ
കാടില്ലാ ഗതിയായെന്തുരു കഷ്ടം
നാട്ടിലലഞ്ഞു തിരിയുന്നു
കാലനിർണ്ണയത്തിൽ ചന്ദ്രനുദിച്ചു
കാലം തെറ്റി പൊഴിക്കുന്നു വർഷം
ഭ്രാന്തചിന്തയാൽ കരിമേഘ
ശകലങ്ങളാർത്തട്ടഹസിക്കുന്നു
ഭൂമിയിൽ നിറയുന്നു
മാനവജ്ഞാന സൃഷ്ടി
ജീവജലയുറവ തേടി ശാസ്ത്രം
ഗമിക്കുന്നു ചൊവ്വയിൽ, ചന്ദ്രനിലും
ഋതുഭേദമില്ലാതെ വിളയുന്ന
ലഹരിയിൽ മയങ്ങുന്ന മർത്ത്യൻ
തിരിച്ചറിവില്ലാതെതമ്മിലടിച്ചു
ഒഴുകുന്നു ചോരപ്പുഴ
സ്വാതന്ത്ര്യത്തിന്നമൃത് പകർന്ന്
വീരമൃത്യുവരിച്ച പിതാമഹനെ
കാലം തെറ്റിയ ഋതുവിൽ
ജീവൻ വെടിഞ്ഞവനെന്ന്
മുദ്ര ചാർത്തി
ജ്ഞാനികൾ തീർത്തൊരാ
ധാർമ്മിക നൈതിക മൂല്യങ്ങൾ
വൈരുദ്ധ്യമായെല്ലാമറിയുന്ന
പ്രപഞ്ചമിന്ന് ലജ്ജയാൽ കിതക്കുന്നു
ഋതുചിന്തനം

