Site iconSite icon Janayugom Online

പ്രബുദ്ധ കേരളത്തിലെ ആചാരതേര്‍വാഴ്ച

ഇന്നലെ കര്‍ണാടകയില്‍ നിന്ന് ഒരു വാര്‍ത്ത വന്നിരുന്നു. ഹിജാബ് ധരിച്ചെത്തിയ ഇരുപതിനായിരത്തില്‍പരം മുസ്‌ലിം പെണ്‍കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്ന്. ആചാരവസ്ത്രമായ ഹിജാബ് ധരിച്ചുവന്ന പെണ്‍കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിച്ച ആറ് അധ്യാപകര്‍ക്ക് സസ്പെന്‍ഷനും! ബിജെപി ഭരിക്കുന്ന കര്‍ണാടകയിലാണ് ഈ ആചാരവിരുദ്ധ തേര്‍വാഴ്ച. എന്നാല്‍ ഹിജാബ് ആ മുസ്‌ലിങ്ങളുടെ മാത്രം ആചാരനിഷ്ടമായ വസ്ത്രധാരണമെന്ന് ആരാണ് പറഞ്ഞത്. സീതാ സ്വയംവരത്തിനിടെ സീതയെ കിട്ടാനും കെട്ടാനുമായി ശ്രീരാമന്‍ വില്ലുകുലയ്ക്കാനെടുത്തപ്പോള്‍ വില്ലുതന്നെ പൊട്ടിപ്പിളര്‍ന്നു തവിടുപൊടിയായപ്പോള്‍! മൈഥിലി മയില്‍പ്പേടപോലെ കൗതുകത്തോടെ തന്റെ പയ്യന്‍ എങ്ങനെയുണ്ടെന്ന് ഒളിഞ്ഞു നോക്കിയത് തന്റെ ഹിജാബ് സാരിത്തലപ്പ് വകഞ്ഞുമാറ്റിയെന്നാണല്ലോ പുരാണം. ഏത് മതത്തിലാണ് ഹിജാബ് നിഷ്കര്‍ഷിക്കാത്തത്.

‘ദൈവം നിന്നെ പെണ്ണായി സൃഷ്ടിച്ചിരിക്കുന്നു. നീ നിന്റെ ദൃഷ്ടികള്‍ താഴ്ത്തുകയും പുരുഷന്മാരുടെ നേര്‍ക്ക് നോക്കാതിരിക്കുകയും കാലുകള്‍ അടുപ്പിച്ചുവയ്ക്കുകയും വസ്ത്രം വെളിപ്പെടുത്താതിരിക്കുകയും നീ നിന്റെ മൂടുപടം ഉപയോഗിക്കുകയും ചെയ്യുക’ എന്നാണ് ഋഗ്വേദത്തിന്റെ എട്ടാമധ്യായത്തില്‍ പറയുന്നത്. പരശുരാമന്‍ അടുത്തേക്ക് വരുന്നതു കണ്ട് ശ്രീരാമന്‍ പത്നി സീതയോട് പറഞ്ഞത് ‘സീതേ നീ മൂടുപടമിടുകയും ദൃഷ്ടി താഴത്തുകയും ചെയ്യുക’ എന്നാണ് മഹാവീര്‍ ചരിതത്തില്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇതു ഹിന്ദു ഹിജാബ്. ബൈബിളില്‍ കോരിന്ത്യരുടെ സുവിശേഷത്തില്‍ ഒന്‍പതാം അധ്യായത്തില്‍ ‘സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ അവള്‍ അവളുടെ മുടി മുറിച്ചുകളയട്ടെ എന്നാണ്. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ നിനക്കു ലജ്ജയെങ്കില്‍ നീ മൂടുപടമിടുക’ എന്നും വചനമുണ്ട്. ഇതു ക്രൈസ്തവ ഹിജാബ്.

ഇനി മുസ്‍ലിം ഹിജാബ്. ഖുര്‍ ആന്‍ മുപ്പത്തി മൂന്നാം അധ്യായത്തില്‍ അഹ്സാബിലെ അന്‍പത്തൊന്‍പതാമത് വാക്യം ‘ഹേ, നബിയേ, നിന്റെ ഭാര്യമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ സ്ത്രീകളോടും പറയുക അവര്‍ തങ്ങളുടെ മേല്‍ തങ്ങളുടെ മേലാടകളില്‍ നിന്നും കുറേ ഭാഗം താഴ്ത്തിയിട്ടുകൊള്ളണമെന്ന്. അപ്പോള്‍ അവര്‍ക്ക് ശല്യം ബാധിക്കുകയില്ല. ഇതെല്ലാം വായിച്ചപ്പോള്‍ ഏത് ഹിജാബിനാണ് നിരോധനമെന്ന് ആകെ കണ്‍ഫ്യൂഷന്‍. ഹിജാബിനെതിരേ ഹിന്ദുസന്യാസിമാര്‍ ഈയിടെ ഹരിദ്വാറിലും മോഡിയുടെ വാരാണസിയിലും ഗംഗാതീരത്ത് വന്‍ പ്രതിഷേധ പ്രകടനം നടത്തി. അവരുടെ ഹിജാബ് മര്‍മ്മസ്ഥാനത്ത് ഒരു തുണ്ടു തുണിയുടെ കോണകം മാത്രം. സ്ത്രീകള്‍ക്ക് ഈ കോണക ഹിജാബ് നിര്‍ബന്ധമാക്കണമെന്നാണോ ഈ ഹിന്ദുസന്യാസിമാര്‍ പറയുന്നത്. കൊച്ചു കള്ളന്മാര്‍.


ഇതുകൂടി വായിക്കാം; വിവാദവിധി ഭിന്നിപ്പ് രൂക്ഷമാക്കും


പ്രബുദ്ധ കേരളത്തിലിപ്പോള്‍ ആചാര തേര്‍വാഴ്ചയാണ്. ആചാരം നിയമമാകുന്ന കാലം. ഏതാനും ദിവസം മുമ്പ് കരിവെള്ളൂര്‍ ക്ഷേത്രത്തിലെ കലാകാരനായ വിനോദ് പണിക്കര്‍ക്ക് മറത്തുകളിയാട്ടം നടത്താന്‍ അവകാശം നിഷേധിച്ചു. പണിക്കരുടെ മകന്‍ ഒരു മുസ്‌ലിം കുട്ടിയെ നിക്കാഹ് കഴിച്ചുവെന്നതാണ് കുറ്റം. ഇനി ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രത്തിലെ നൃത്തോത്സവത്തിന്റെ കാര്യം. കേരളത്തിലെ ഏക ശ്രീരാമക്ഷേത്രമായ കൂടല്‍ മാണിക്യത്തിലെ ഉത്സവത്തിന് അഹിന്ദുവെന്ന പേരില്‍ മന്‍സിയ എന്ന നര്‍ത്തകിക്ക് നൃത്തപരിപാടി അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. മോഹിനിയാട്ടത്തില്‍ ഒന്നാം റാങ്കുകാരിയായ ഈ നര്‍ത്തന പ്രതിഭ മലപ്പുറം വള്ളുവമ്പ്രത്തുകാരിയാണ്.

വിവാഹം കഴിച്ചത് ഹിന്ദുവിനെ. ഇക്കാരണത്താല്‍ കാന്‍സര്‍ ബാധിച്ചു മരിച്ച ഉമ്മയുടെ ഖബറടക്കത്തിനുപോലും വിലക്കു നേരിട്ട മന്‍സിയയ്ക്ക് മതത്തിന്റെ പേരില്‍ ഹിന്ദുക്ഷേത്രത്തിലും വിലക്ക്. അറബിയില്‍ ഉന്നത ബിരുദം നേടിയ ഗോപാലിക എന്ന പെണ്‍കുട്ടിയെ അറബിക്കഥകളും കവിതകളും പഠിപ്പിക്കാന്‍ വിലക്കേര്‍പ്പെടുത്തിയത് ഹിന്ദു തീവ്രവാദികള്‍, കഥകളി സംഗീതത്തിലെ അനശ്വര പ്രതിഭയായിരുന്ന കലാമണ്ഡലം ഹൈദരാലിയെ അമ്പലവളപ്പിനകത്ത് പാടാനനുവദിക്കാത്തതും ഹിന്ദു തീവ്രവാദികള്‍. താന്‍ ഹിന്ദുമത വിശ്വാസിയാണെന്ന് ആണയിട്ടിട്ടും ഗുരുവായൂരില്‍ പാടാന്‍ ഗാനഗന്ധര്‍വനു വിലക്ക്. ‘ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും, ഗോപുരവാതില്‍ തുറക്കും ഞാന്‍ ഗോപകുമാരനെ കാണും’ എന്നു തൊണ്ട പൊട്ടുമാറുച്ചത്തില്‍ പാടിയ യേശുദാസ് അന്ത്യശ്വാസം വലിക്കുന്നതും ഗുരുവായൂരപ്പുനു കാണേണ്ടിവരും. ഈ പാട്ടിന് പതിറ്റാണ്ടുകളുടെ പ്രായം. നമുക്കെങ്ങനെ പ്രബുദ്ധ കേരളമെന്ന് സ്വയം ചാപ്പകുത്താനാകും.

ആചാരങ്ങള്‍ നാം മാറ്റിയെഴുതിയിട്ടില്ലേ. ഇന്നാണ് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്ഷേത്രത്തിലെ മീനഭരണി. ദേവികയുടെ മുതുമുത്തശ്ശിയുടെ തൊണ്ണൂറ്റേഴാം പിറന്നാളും ഇന്നാണ്. കൊടുങ്ങല്ലൂര്‍ ഭരണിമഹോത്സവത്തിന് പക്ഷിമൃഗാദികളുടെ കുരുതി ഒരാചാരമായിരുന്നു. ഏറെക്കാലം മുമ്പ് ആ ആചാരം നിരോധിച്ചു. പിന്നീട് ഇതാദ്യമായി മിനിഞ്ഞാന്ന് രണ്ട് യുവാക്കള്‍ ഒരു കോഴിയെ അമ്പലനടയില്‍ കുരുതികഴിച്ചു. പൊലീസ് രണ്ടു പേരേയും കഴുത്തറ്റ കോഴി സഹിതം പൊക്കി. ആചാരം നിരോധിച്ച നിയമം ലംഘിച്ചതിനുള്ള നിയമനടപടി. അപ്പോള്‍ ദുരാചാരങ്ങള്‍ നിരോധിക്കാനുള്ളതാണെന്നല്ലേ ഈ സംഭവം തെളിയിക്കുന്നത്. എങ്കിലും നാം ആചാരങ്ങളെ പൂണ്ടടങ്കം പുണരുന്നു. ഇതുകൊണ്ടൊക്കെയാണല്ലോ. പൂര്‍ണ ഗര്‍ഭിണിയായ ആടിനെ മൂന്നുപേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തു കൊന്നുവെന്നതുപോലുള്ള വാര്‍ത്തകളും പ്രബുദ്ധ കേരളത്തില്‍ നിന്നു വരുന്നത്.

Exit mobile version