കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ നദികളും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നു. ഇതിനുവേണ്ടി കേന്ദ്ര ജലനയം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെന്നു സൂചന.
40വര്‍ഷത്തേക്ക് നദികള്‍ സ്വകാര്യമേഖലയ്ക്ക് പാട്ടത്തിനു നല്കാനാണ് നിര്‍ദ്ദിഷ്ട പദ്ധതി. നദികളുടെ നിശ്ചിത കിലോമീറ്റര്‍ ദൂരം പാട്ടത്തുക നിശ്ചയിച്ച് പതിച്ചുനല്കാനാണ് നിയമഭേദഗതി. പതിച്ചുകിട്ടുന്ന നദിയില്‍ നിന്ന് കുടിവെള്ളമെടുക്കുന്നതിനോ ജലസേചനത്തിനോ കുളിക്കാനോ തുണിയലക്കാനോ മീന്‍ പിടിക്കാനോ പൊതുജനങ്ങള്‍ക്ക് അനുമതി നിഷേധിക്കും. പാട്ടക്കരാര്‍ പുതുക്കിവാങ്ങാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരമുണ്ടാകുമെന്നും നിര്‍ദ്ദിഷ്ട നിയമഭേദഗതി. നദികളിലെ ജലം ശേഖരിച്ച് ശുദ്ധീകരിച്ച് കുടിവെള്ളമായും ശുദ്ധീകരിക്കാതെ വ്യവസായശാലകള്‍ക്കും കൃഷിയിടങ്ങളിലേക്കും നിശ്ചിത വില ഈടാക്കി വില്ക്കാമെന്നായിരിക്കും പുതിയ നിയമവ്യവസ്ഥ. ചുരുക്കത്തില്‍ ജനങ്ങളുടെ പൊതുസ്വത്തായ നദികള്‍ ഏതാനും കോര്‍പറേറ്റ് ഭീമന്മാരുടെ കൈകളിലെത്തിക്കുകയായിരിക്കും നിയമം കൊണ്ടുദ്ദേശിക്കുന്നത്. ജനങ്ങളുടെ ദാഹജലവും ജീവനോപാധികളും കച്ചവടം ചെയ്യുന്നതിലൂടെ 10 ലക്ഷം കോടി പാട്ടത്തുക 40 വര്‍ഷത്തേക്ക് സമാഹരിക്കാമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്.
ഛത്തീസ്ഗഢിലെ ഷിയോനാഥ് നദി എന്ന ശിവനാഥ് നദിയുടെ 23.6 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഭാഗം റേഡിയസ് വാട്ടര്‍ ലിമിറ്റഡ് കമ്പനിയെന്ന സ്ഥാപനത്തിന്റെ ഉടമയായ കൈലാസ് ജോഷിക്കു പതിച്ചുനല്കിയ അവിഭക്ത മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെയാകെ നദികള്‍ വില്ക്കാനുള്ള കേന്ദ്ര നീക്കം. ശിവനാഥ് നദിയുടെ ദൈര്‍ഘ്യം 290 കിലോമീറ്ററാണ്. ഇതില്‍ 23.6 കിലോമീറ്ററാണ് റേഡിയസ് വാട്ടര്‍ ലിമിറ്റഡിന് മധ്യപ്രദേശ് സര്‍ക്കാര്‍ 1998 ല്‍ വിറ്റത്. പിന്നീട് മധ്യപ്രദേശ് വിഭജിച്ച് ഛത്തീസ്ഗഢ് രൂപീകരിച്ചതിന്റെ ഇരുപത്തിനാലാം വാര്‍ഷികമായ ഇന്നലെയും വില്പന കരാറനുസരിച്ച് ഈ നദീഭാഗത്തിന്റെ ഉടമസ്ഥാവകാശം ഈ സ്വകാര്യ കമ്പനിക്കുതന്നെ.
നദി കച്ചവടത്തിനെതിരെ സിപിഐയും എഐവൈഎഫും കര്‍ഷക തൊഴിലാളി സംഘടനകളും നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്റും വന്‍ പ്രക്ഷോഭത്തിലാണിപ്പോഴും. വില്പന നടത്തിയ നദീഭാഗത്തെ മൊഹ്‌ലായ്, ചതാരി, വഗ്രംതല, കെക്രോ കോലി, ബഡ്‌വാപത്ര, ബാസിക്‌നേ തുടങ്ങിയ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ഏതാനും വര്‍ഷംമുമ്പ് കരാര്‍ റദ്ദാക്കാമെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. പക്ഷേ 22 വര്‍ഷത്തെ കരാര്‍ 24 വര്‍ഷമായിട്ടും അതേപടി തുടരുന്നു. കരാര്‍ അവസാനിപ്പിക്കാമെന്ന് സിപിഐ നല്കിയ ഒരു പൊതുതാല്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി വിധിയുമുണ്ടായി. പക്ഷേ, കരാര്‍ റദ്ദാക്കണമെങ്കില്‍ കമ്പനിക്ക് 400 കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നാണ് ഛത്തീസ്ഗഢ് ലീഗല്‍ അതോറിറ്റിയുടെ ഉപദേശം. ഇതുമൂലം ദുര്‍ഗ് ടൗണ്‍ഷിപ്പിനു 19 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് ശിവനാഥ് നദിയിലെ വെള്ളം വില്പന നടത്തി സ്വകാര്യ കമ്പനി കൊഴുക്കുന്നു.
നദീജലം ഉള്‍പ്പെടെയുള്ള എല്ലാ ഉപരിതല ജലത്തിന്റെയും ഉടമസ്ഥാവകാശം അതാതു സംസ്ഥാനങ്ങള്‍ക്കാണ്. ഈ ഫെഡറല്‍ തത്വം അട്ടിമറിക്കാനാണ് നിയമഭേദഗതിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
English Summary: Rivers for sale
You may like this video also