Site iconSite icon Janayugom Online

ബീഹാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആര്‍ജെഡി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ആജ്ഞാനുവര്‍ത്തിയായ സാഹചര്യത്തില്‍ ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതിന് സജീവ പരിഗണനയിലെന്ന് മുഖ്യപ്രതിപക്ഷകക്ഷിയായ ആര്‍ജെഡി. വ്യാജ വോട്ടര്‍പ്പട്ടികയുണ്ടാക്കി അധികാരത്തില്‍ തുടരാനാണ് ബിജെപി നീക്കമെന്ന് ആര്‍ജെഡി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് അഭിപ്രായപ്പെട്ടു .

നേരത്തെ, വോട്ടർമാർ സർക്കാരിനെ തെരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോൾ, സർക്കാർ വോട്ടർമാരെ തെരഞ്ഞെടുക്കുകയാണ്‌. ബഹിഷ്‌കരണകാര്യത്തിൽ ഇന്ത്യാകൂട്ടായ്‌മയുമായി ആലോചിച്ച്‌ തീരുമാനമെടുക്കും –തേജസ്വി പറഞ്ഞു. ബിഹാറിൽ ആർജെഡിയും ഇടതുപക്ഷപാർടികളും കോൺഗ്രസുമടങ്ങുന്ന മഹാസഖ്യമാണ്‌ ബിജെപി സഖ്യത്തിന്റെ പ്രധാന എതിരാളി. വോട്ടർപ്പട്ടിക പുനഃപരിശോധനയുടെ മറവിൽ ലക്ഷക്കണക്കിന്‌ ആളുകളുടെ വോട്ടവകാശം ഹനിക്കുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ്‌ കമീഷനും തയ്യാറല്ല.

വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ നാലുദിവസമായി ശക്തമായ പ്രതിഷേധത്തിലാണ്‌. കമീഷന്റെ പ്രവർത്തനങ്ങളിൽ ഇടപെടാനാകില്ലെന്നാണ്‌ സർക്കാരിന്റെ നിലപാട്. ആശങ്കകൾ നേരത്തെ ഇന്ത്യ കൂട്ടായ്‌മ തെരഞ്ഞെടുപ്പ്‌ കമീഷനെ സന്ദർശിച്ച്‌ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

ബീഹാർ വോട്ടർപട്ടികയിൽനിന്ന്‌ 56 ലക്ഷം പേരെ ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ്‌ കമീഷൻ നേരത്തെ അറിയിച്ചിരുന്നു. പുനഃപരിശോധനാ കാലാവധി പൂർത്തിയാകാൻ രണ്ടുദിവസം മാത്രം ശേഷിക്കേ ബിഹാറിൽ 15 ലക്ഷം വോട്ടർമാർ എന്യുമറേഷൻ അപേക്ഷകൾ പൂരിപ്പിച്ച്‌ നൽകിയില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ. ആഗസ്‌ത്‌ ഒന്നിന്‌ കരട്‌ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. 

Exit mobile version