Site iconSite icon Janayugom Online

രോ-കോ താണ്ഡവം; ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം, രോഹിത്തിന് സെഞ്ചുറി

രോഹിത് ശര്‍മ്മയും വിരാട് കോലിയും നിറഞ്ഞാടിയതോടെ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 46.4 ഓവറില്‍ 236 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഓസീസ് പരമ്പര സ്വന്തമാക്കിയിരുന്നു.
സെഞ്ചുറിയുമായി രോഹിത് ശര്‍മ്മയും അര്‍ധസെഞ്ചുറിയുമായി വിരാട് കോലിയും പുറത്താകാതെ നിന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 

രോഹിത് 125 പന്തില്‍ 13 ഫോറും മൂന്ന് സിക്സറും ഉള്‍പ്പെടെ 121 റണ്‍സെടുത്തു. 81 പന്തില്‍ ഏഴ് ഫോറുള്‍പ്പെടെ കോലി 81 റണ്‍സെടുത്തു. കരിയറില്‍ 50-ാം സെഞ്ചുറിയാണ് രോഹിത് പൂര്‍ത്തിയാക്കിയത്. ഏകദിനത്തില്‍ 33, ടെസ്റ്റില്‍ 12, ടി20യില്‍ അഞ്ച് എന്നിങ്ങനെയാണ് രോഹിത്തിന്റെ സെഞ്ചുറി നേട്ടം. സ്കോര്‍ 69ല്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. 24 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയെത്തിയൊന്നിച്ച കോലിയും രോഹിത്തും 168 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യക്ക് ആശ്വാസ ജയം സമ്മാനിച്ചു. 

നേരത്തെ 58 പന്തില്‍ 56 റണ്‍സെടുത്ത മാറ്റ് റെന്‍ഷയാണ് ഓസീസിന്റെ ടോപ് സ്കോററായത്. മിച്ചല്‍ മാര്‍ഷ് (41), മാത്യൂ ഷോര്‍ട്ട് (30), ട്രാവിസ് ഹെഡ് (29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യക്കായി ഹര്‍ഷിത് റാണ് നാല് വിക്കറ്റ് നേടി. വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Exit mobile version