Site icon Janayugom Online

കേന്ദ്ര പദ്ധതികളുടെ പേരില്‍ ബാങ്കുകളുടെ കൊള്ള

bank

കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ്, പെൻഷൻ പദ്ധതികളുടെ പേരില്‍ ഉപഭോക്താക്കളിൽ നിന്ന് അവർ ആവശ്യപ്പെടാതെ തന്നെ പണം ഈടാക്കി ബാങ്കുകളുടെ കൊള്ള. ലെെഫ് ഇന്‍ഷുറന്‍സിനായി പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, അപകട ഇൻഷുറൻസിനായി പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, മൈക്രോ പെൻഷനു വേണ്ടി അടൽ പെൻഷൻ യോജന എന്നിവയാണ് ഉപഭോക്താക്കളറിയാതെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും അടിച്ചേല്പിക്കുന്നത്.
ഈ പദ്ധതികള്‍ സ്വമേധയാ ചേരേണ്ടതും ഗുണഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാൻ വ്യക്തമായ അനുമതി ആവശ്യമുള്ളതും ആണെന്ന് നിയമങ്ങൾ പറയുന്നു. എന്നാല്‍ ബാങ്കുകള്‍ ഉപഭോക്താക്കളെ നേരിട്ട് എൻറോൾ ചെയ്യുകയോ വ്യാജരീതിയിലോ നിർബന്ധപൂര്‍വമോ സമ്മതവും ഒപ്പും സംഘടിപ്പിക്കുകയോ ചെയ്യുകയാണ്. ഇത്തരം എന്‍റോള്‍മെന്റുകള്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് ബാങ്ക് ജീവനക്കാരും സമ്മതിക്കുന്നു.

ദരിദ്രർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനെന്ന പേരില്‍ 2015 മേയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്‍ഷുറന്‍സ് പദ്ധതികൾ പ്രഖ്യാപിച്ചത്. ലൈഫ് ഇൻഷുറൻസ്, മരണത്തിന് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ വാഗ്ദാനം നൽകുന്നു. അപകട ഇൻഷുറൻസിലാകട്ടെ അപകടമരണമോ അംഗവൈകല്യമോ ഉണ്ടായാൽ അതേ തുക ഉറപ്പ് നൽകുന്നു. മൈക്രോ പെൻഷൻ പദ്ധതി 60 വയസിനു ശേഷം 5,000 രൂപ വരെ പ്രതിമാസ പെൻഷൻ വാഗ്ദാനം നൽകുന്നു. ഇൻഷുറൻസ് പോളിസികൾ വർഷം തോറും പുതുക്കുകയും യഥാക്രമം 436 രൂപയും 20 രൂപയും അടയ്ക്കുകയും വേണം. പെൻഷൻ പദ്ധതിയില്‍ പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കണം. 

പിഎംജെജെബിവൈയ്ക്ക് 41 രൂപയും പിഎംഎസ്ബിവൈയ്ക്ക് രണ്ട് രൂപയുമാണ് ഇടപാടുകാരെ ചേര്‍ക്കുന്നതിന് ബാങ്കുകൾക്ക് ലഭിക്കുക. ഇടപാടുകള്‍ ബാങ്കുകളുമായി ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനികളുമായാണ് നടക്കുന്നത്. ഇത് ഇടപാടുകാരുടെ ഇഷ്ടത്തിനോ, അവരുടെ അറിവോടെയോ പോലുമാകുന്നില്ല. ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ മേയ് വരെ 12.89 കോടി പോളിസികളിലായി 6.58 കോടിയുടെ ലൈഫ് ഇൻഷുറൻസും 28.63 കോടി അപകട ഇൻഷുറൻസ് പോളിസികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബൾക്ക് അപ്‍ലോഡ് വഴിയാണ് ഇത്തരം ഇടപാടുകള്‍ നടക്കുന്നത്. വന്‍കിട കമ്പനികള്‍ സാലറി അക്കൗണ്ടുകളിൽ ശമ്പളം അയയ്ക്കുന്നത് പോലുള്ള ഇടപാടുകള്‍ക്കായി ബാങ്കുകൾ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ബൾക്ക് അപ്‍ലോഡ്. ഒന്നിലധികം ബാങ്കുകളില്‍ അക്കൗണ്ടുള്ള പലരുടെയും എല്ലാ അക്കൗണ്ടുകളിലും അവരുടെ സമ്മതമില്ലാതെ പദ്ധതികളില്‍ ചേര്‍ക്കപ്പെടുകയും ഒന്നിലധികം തവണ നിരക്ക് ഈടാക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്. പലപ്പോഴും ഇൻഷുർ ചെയ്തവരുടെ കുടുംബങ്ങൾക്ക് പോളിസിയെക്കുറിച്ച് അറിയുക പോലുമില്ല.
സീനിയർ മാനേജർമാർ ബ്രാഞ്ച് മേധാവികളെ ദുരുപയോഗം ചെയ്യുകയും കൂടുതല്‍ എന്‍റോള്‍മെന്റ് നൽകിയില്ലെങ്കിൽ സസ്പെൻഷൻ, സ്ഥലംമാറ്റം, ശമ്പളം കുറയ്ക്കല്‍ തുടങ്ങിയ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.

Eng­lish Sum­ma­ry: Rob­bery of banks in the name of cen­tral schemes

You may also like this video

Exit mobile version