Site iconSite icon Janayugom Online

ജ്യോതിസ് സ്പെഷ്യൽ സ്കൂളിന് അത്യാധുനിക ലാബൊരുക്കി റോബടിക്സ് പ്രതിഭയുടെ കരുതൽ

ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസം, തെറാപ്പി എന്നിവ മെച്ചപ്പെടുത്തുന്നതിനായി ദുബായിൽ നിന്നുള്ള പതിനൊന്നാം ക്ലാസുകാരൻ ആരുഷ് പഞ്ചോലിയുടെ നേതൃത്വത്തിൽ മാവേലിക്കര ജ്യോതിസ് സ്പെഷ്യൽ സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ‘റൈസ് ലാബ് ഒരുക്കി. STEM Access for Equi­ty (SAFE) Foun­da­tion എന്ന ആരുഷിന്റെ സംരംഭത്തിന് കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇമേഴ്സീവ് ലാബ്, വെർച്വൽ റിയാലിറ്റി തെറാപ്പി സംവിധാനം, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഉൾപ്പെടുന്ന ഈ ലാബുകളുടെ ഉദ്ഘാടനം ബിഷപ് ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത നി‍വഹിച്ചു.

ദുബായ് ജെംസ് മോഡേൺ അക്കാദമിയിലെ വിദ്യാർത്ഥിയായ ആരുഷ് പഞ്ചോലി ഗുജറാത്ത് സ്വദേശിയാണ്, കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന യുണീക് വേൾഡ് റോബോട്ടിക്‌സിലെ വിദ്യാർത്ഥിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി യുണീക് വേൾഡ് റോബോട്ടിക്‌സിൽ പരിശീലനം നേടുന്ന ആരുഷ്, പ്രോജക്ടിന്റെ ഭാഗമായി വിവിധ സ്ക്കൂളുകളില്‍ റോബോട്ടിക്‌സ് ക്ലാസുകൾ എടുക്കുന്നതിനിടയിലാണ് ജ്യോതിസ് സ്പെഷ്യൽ സ്കൂളിലെത്തുന്നത്. സ്കൂളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കിയ ആരുഷ്, ദുബായിലെ വിവിധ സംഘടനകളുമായി സഹകരിച്ചും വീക്കെൻഡ് സെയിലുകൾ നടത്തിയുമാണ് 10 ലക്ഷത്തോളം രൂപ സമാഹരിച്ചത്. ഈ തുക ഉപയോഗിച്ച് സ്ഥാപിച്ച ലാബുകളുടെ നിർവ്വഹണവും നടത്തിപ്പും യുണീക് വേൾഡ് റോബോട്ടിക്‌സാണ് ഏകോപിപ്പിച്ചത്. റോബോട്ടിക്‌സിലെ ലോകോത്തര നിലവാരമുള്ള നിരവധി മത്സരങ്ങളിലെ വിജയിയാണ് ഈ യുവപ്രതിഭ. കേരളത്തിലെ പത്തോളം സ്കൂളുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കണമെന്നാണ് ആരുഷിന്റെ ആഗ്രഹം.

മാർത്തോമാ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ജ്യോതിസ് സ്പെഷ്യൽ സ്കൂൾ ആൻഡ് തെറാപ്പി സെന്റർ ഭിന്നശേഷിയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, വൊക്കേഷണൽ ട്രെയിനിംഗ്, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി തുടങ്ങിയ സേവനങ്ങൾ നൽകുന്നു. സ്കൂളിന്റെ ഡയറക്ടർ ഫാ. വിനോദ് ഈശോയാണ്.പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം ഡോ യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തയും ആരുഷ് പഞ്ചോലിയും ചേർന്ന് നിർവഹിച്ചു. മാവേലിക്കര മുനിസിപ്പൽ ചെയർപേഴ്സൺ നൈനാൻ സി കുറ്റിശേരി, ഡയറക്ടർ വിനോദ് ഈശോ എന്നിവരും പങ്കെടുത്തു.കൂടുതല്‍ വിവരങ്ങള്‍ക്കായി (ഫാ വിനോദ് ഈശോ 82812 58197, ബെൻസൺ — 6282 887 669 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് )

Exit mobile version