Site iconSite icon Janayugom Online

രോഹിത്തിന് നായകസ്ഥാനം നഷ്ടമായി, ഇന്ത്യയെ ഗിൽ നയിക്കും; ഓസീസ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയും വിരാട് കോലിയും ഏകദിനടീമിൽ തിരിച്ചെത്തി. 2025 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഇന്ത്യൻ ജേഴ്‌സി അണിയുന്നത്. എന്നാൽ നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റി പകരം ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ ഏകദിനത്തിലും ടീമിനെ നയിക്കും.

മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ പാനൽ ശനിയാഴ്ച അഹമ്മദാബാദിൽ ചേർന്ന യോഗത്തിലാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. ഉപനായകനായി ശ്രേയസ് അയ്യർ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല. ഋഷഭ് പന്തിന് പരിക്കേറ്റതോടെ കെ എൽ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലും ടീമിലുണ്ട്. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക വിശ്രമം അനുവദിച്ചപ്പോൾ യശസ്വി ജയ്‌സ്വാള്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവരും ടീമിലിടം നേടി.

അതേസമയം, ഓസീസിനെതിരായ ട്വൻറി 20 പരമ്പരയിൽ സൂര്യകുമാർ തന്നെയാണ് ടീമിനെ നയിക്കുക. ടീമിൽ സഞ്ജു ഇടം നേടി. മൂന്ന് ഏകദിനവും അഞ്ച് ട്വന്റി 20 മത്സരങ്ങളും പരമ്പരയിലുണ്ട്. 2021 മുതൽ ഇന്ത്യയുടെ മുഴുവൻ സമയ ഏകദിന ക്യാപ്റ്റനായിരുന്നു രോഹിത് നാല് വർഷത്തിന് ശേഷമാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. 56 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 42 എണ്ണം വിജയിച്ചു. 12 മത്സരങ്ങളിൽ തോറ്റു. 2018ൽ സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായും 2023 ൽ ഫുൾടൈം ക്യാപ്റ്റനായും ഏഷ്യാകപ്പ് വിജയിച്ചു. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനൽ വരെയെത്തിച്ചിരുന്നു. ട്വന്റി 20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച കോലിയുടെയും രോഹിത്തിന്റെയും മടങ്ങിവരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പ് കിരീടം ചൂടിയതിന് പിന്നാലെയാണ് രോഹിത്തും കോഹ്‍ലിയും ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചത്. പിന്നീട് ടെസ്റ്റില്‍ നിന്നും ഇരുവരും വിരമിക്കുകയായിരുന്നു. 

Exit mobile version