Site iconSite icon Janayugom Online

റൊണാൾഡോയെ ബ്രാൻഡ് അംബാസഡറാക്കാം; വിദേശ കമ്പനിയില്‍ നിന്ന് 1.35 കോടി തട്ടിയെടുത്തു

ഫുട്‌ബോൾ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബ്രാൻഡ് അംബാസഡറാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. റൊണാൾഡോയുടെ മാനേജർ ചമഞ്ഞ്‌ തുർക്കിയിലെ കമ്പനിയുടെ 1,35,62,500 രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ തിരുവനന്തപുരം വെഞ്ഞാറമ്മൂട് വലിയകട്ടക്കലിലെ ഹമീം മുഹമ്മദ് ഷാഫി, കണ്ണൂർ കടമ്പൂരിലെ അവിക്കൽ സുധീഷ് എന്നിവർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.

2017–18 വർഷമാണ് കേസിനാസ്പദമായ സംഭവം. തുർക്കി ആസ്ഥാനമായ മെറ്റാഗ് എന്ന നിർമാണക്കമ്പനിക്ക് ദോഹയിൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടുണ്ടായിരുന്നു. ഇതിന്റെ പ്രചാരണത്തിന് ബ്രാൻഡ് അംബാസഡറായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഏർപ്പാടാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സമീപിച്ചതെന്ന് പരാതിക്കാരൻ പറയുന്നു.

റൊണാൾഡോയുടെ മാനേജർ എന്നപേരിൽ തയ്യാറാക്കിയ വ്യാജ കത്തുകളും കാണിച്ചിരുന്നു. ചർച്ചകൾക്കൊടുവിൽ ഇവരുടെ സേവനത്തിനുള്ള വ്യവസ്ഥകൾ അംഗീകരിച്ച് പണം നല്കി. പയ്യന്നൂരിലെ ഹോട്ടലിൽവെച്ച് കൈമാറിയ രണ്ടുലക്ഷം രൂപയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽനിന്നും 1,35,62,500 രൂപ കൈപ്പറ്റിയെന്നാണ് ആക്ഷേപം.

Exit mobile version