Site iconSite icon Janayugom Online

താമരശ്ശേരി ചുരത്തിൽ റോപ് വേ; പദ്ധതി തയ്യാറാകുന്നു

rope wayrope way

താമരശ്ശേരി ചുരത്തിൽ ലക്കിടിയിൽ നിന്ന് അടിവാരം വരെ റോപ് വേ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സജീവമാകുന്നു. 2025 ഓടെ ലക്കിടിയിൽ നിന്ന് അടിവാരം വരെയുള്ള റോപ് വേ സംവിധാനം ഒരുക്കും വിധത്തിൽ പദ്ധതി ആസൂത്രണം ചെയ്യുമെന്ന് എംഎൽഎമാരുടെയും വിവിധ സംഘടനാ വകുപ്പ് പ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വനം വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം, റവന്യു ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ഉടൻ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്. പർവത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി റോപ് വേ നിർമിക്കാനുള്ള നിർദ്ദേശം നേരത്തെ തന്നെ സംസ്ഥാനം കേന്ദ്ര സർക്കാറിന് മുന്നിൽ സമർപ്പിച്ചിരുന്നു. ഇതിന് അനുമതി ലഭ്യമാകുന്നതോടെ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. 

അടിവാരത്ത് നിന്ന് ചുരത്തിന് മുകളിലുള്ള ലക്കിടി വരെ 3.7 കിലോമീറ്ററാണ് നീളം. ഇതിലൂടെ ഒരുക്കുന്ന റോപ് വേ സംവിധാനത്തിൽ 40 കേബിൾ കാറുകളാണ്ടാവുക. വയനാട് ചുരം യാത്ര 18 മിനിട്ടിനുള്ളിൽ പൂർത്തിയാക്കാമെന്നതാണ് കേബിൾ കാറിന്റെ പ്രത്യേകത. കേബിൾ കാറിൽ ഒരേ സമയം ആറുപേർക്ക് യാത്ര ചെയ്യാം. 10 മുതൽ 15 വരെ ടവറുകൾക്ക് മുകളിലൂടെയാണ് റോപ് വേ കടന്നുപോകുക. ടവറുകൾക്കു മുകളിൽ സ്ഥാപിച്ച കൺവെയർ കേബിളുകളിൽ കൂടി തൂങ്ങിനീങ്ങുന്ന വിധത്തിലാണ് കാബിനുകൾ സ്ഥാപിക്കുക. 

വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേൺ ഘട്ട്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന റോപ് വേയ്ക്ക് 150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി അടിവാരത്ത് പത്തേക്കർ ഭൂമിയും ലക്കിടിയിൽ ഒന്നേ മുക്കാൽ ഏക്കർ ഭൂമിയും വാങ്ങിയിട്ടുണ്ട്. പ്രകൃതി സൗഹൃദപരമായും മരങ്ങളും മറ്റും നശിപ്പിക്കാതെയും കുന്നിടിക്കാതെയുമാണ് പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. കമ്പനി പ്രതിനിധികൾ മലേഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് അവിടങ്ങളിലുള്ള റോപ് വേകളെക്കുറിച്ച് നേരത്തെ തന്നെ പഠനം നടത്തിയിരുന്നു. 

പദ്ധതി കടന്നുപോകുന്ന പ്രദേശത്തെ ഭൂമിയുടെ തരംമാറ്റൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളും നടന്നുവരികയാണ്. പദ്ധതി യാഥാർത്ഥ്യമായാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോപ് വേ ആയിരിക്കും ഇത്. ടൂറിസം സാധ്യതകൾ വർധിക്കുന്നതിനൊപ്പം ചുരത്തിലുണ്ടാവുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും പരിഹരിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗികളെ സുരക്ഷിതമായി ഇതിലൂടെ ചുരമിറക്കി താഴെയെത്തിക്കാനും സാധിക്കും. വയനാട്ടിലേക്ക് തുരങ്കപാത പദ്ധതിക്കാവശ്യമായ ഭൂമിയേറ്റെടുക്കൽ നടപടിയും ആരംഭിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Rope­way at Thama­rassery Pass; The project is being prepared

You may also like this video 

Exit mobile version