വെള്ളനാട് നിന്ന് രണ്ട് മൂർഖൻ പാമ്പുകളെ വനംവകുപ്പിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായി പിടികൂടി കാട്ടിൽവിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ആര്യനാട്, കോട്ടക്കകം, ഉഴമലയ്ക്കൽ, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളിൽ നിന്നും പെരുമ്പാമ്പിനെയും മൂർഖനെയും രാജവെമ്പാലയെയും വനംവകുപ്പ് ജീവനക്കാരെത്തി പിടികൂടിയിരുന്നു.
പാലോട് റെയിഞ്ചിന് കീഴിൽ മാടൻ കരിക്കകം നാല് സെന്റ് കോളനിയിൽ രതീഷിന്റെ പുരയിടത്തിൽ നിന്നാണ് പാലോട് ആർആർടി അംഗങ്ങൾ രാജവെമ്പാലയെ പിടികൂടിയത്. വെള്ളനാട്, പുനലാൽ, വെഞ്ഞാറക്കുഴി, ശശിയുടെ വീടിനുളള്ളിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. തൊട്ടടുത്ത് പുനലാൽ, ചരുവിള വീട്ടിൽ, ജോയിയുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് മറ്റൊരു മൂർഖനെ സാഹസികമായി പിടികൂടിയത്. പരുത്തിപ്പള്ളി റെയിഞ്ച് ഓഫിസിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസറും വനംവകുപ്പിന്റെ ആർആർടി അംഗവും സ്നേക്ക് ക്യാച്ചറുമായ റോഷ്നിയാണ് രണ്ട് പാമ്പുകളെയും വലയിലാക്കിയത്. കിണറ്റിൽ കണ്ട മൂർഖനെ വലിയ പ്ലാസ്റ്റിക് കൂട കെട്ടിയിറക്കി കരയ്ക്കെത്തിച്ചാണ് പിടികൂടിയത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെരുമ്പാമ്പ് ഉൾപ്പെടെ ഏഴ് പാമ്പുകളെയാണ് റോഷ്നി പിടികൂടിയത്. ഈ പാമ്പുകളെയെല്ലാം ഉൾവനത്തിൽ കൊണ്ടുവിട്ടു. വേനൽക്കാലങ്ങളിൽ പാമ്പുകൾ മാളങ്ങളിൽ നിന്നിറങ്ങി തണുത്ത പ്രതലങ്ങൾ തേടിയെത്തുന്നത് പതിവാണെന്നും അതിനാൽ രാത്രികാലങ്ങളിൽ ജനലുകളും മറ്റും തുറന്നിട്ട് ഉറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
English Sammury: Paruthipally Range Office Forest Beat Officer Roshni is skilled in snake catching