Site iconSite icon Janayugom Online

രാജ്കോട്ടില്‍ രാജകീയം; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 34.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 96 പന്തില്‍ 89 റണ്‍സ് നേടിയ പ്രതിക റാവലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും പ്രതികയും ചേര്‍ന്ന് 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടി20 ശൈലിയില്‍ ബാറ്റുവീശിയ സ്മൃതി 29 പന്തില്‍ 41 റണ്‍സെടുത്താണ് പുറത്താകുന്നത്. പിന്നാലെയെത്തിയ ഹര്‍ലിന്‍ ഡിയോള്‍ ഇന്ത്യന്‍ സ്കോര്‍ 100 കഴിഞ്ഞതും പുറത്തായി. 20 റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. ഒമ്പത് റണ്‍സ് മാത്രം നേടി ജെമീമ റോഡ്രിഗസ് നിരാശപ്പെടുത്തിയെങ്കിലും തേജസ് ഹസാബിനിസിനൊപ്പം ചേര്‍ന്ന് പ്രതിക ഇന്ത്യന്‍ സ്കോര്‍ 200 കടത്തി. വിജയത്തിലേക്ക് വെറും ആറ് റണ്‍സ് മാത്രം വേണ്ടിയിരുന്നപ്പോഴാണ് പ്രതിക പുറത്താകുന്നത്. 46 പന്തില്‍ 53 റണ്‍സുമായി ഹസാബിനിസും എട്ട് റണ്‍സുമായി റിച്ചാ ഘോഷും പുറത്താകാതെ നിന്നു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനായി ക്യാപ്റ്റന്‍ ഗബി ലൂയിസിന്റെയും (129 പന്തില്‍ 92), ലെഹ് പോളിന്റിന്റെയും (73 പന്തില്‍ 59) പ്രകടനമാണ് മാന്യമായ സ്കോറിലെത്തിച്ചത്. മറ്റാര്‍ക്കും തിളങ്ങാനായില്ല. ഇന്ത്യക്കായി പ്രിയ മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി.

Exit mobile version