പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മാറ്റുരച്ച താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. പാരിസിലെ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങളായ മലയാളിതാരം പി ആര്‍ ശ്രീജേഷ് അടക്കമുള്ളവര്‍ നാളെ രാവിലെയാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് രാജകീയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. താരങ്ങളുടെ വരവ് കാത്ത് വന്‍ ജനക്കൂട്ടം തന്നെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് തടിച്ചു കൂടി. വാദ്യമേളങ്ങളോടെയാണ് താരങ്ങളെ വിമാനത്താവളത്തിനു പുറത്ത് ആരാധകര്‍ വരവേറ്റത്. മാലയിട്ടും ഷാളണിയിച്ചും ശ്രീജേഷ് അടക്കമുള്ള താരങ്ങളെ ആരാധകര്‍ സ്വീകരിച്ചു. ഒളിമ്പിക്സ് വെങ്കല പോരാട്ടത്തില്‍ കരുത്തരായ സ്‌പെയിനിനെ വീഴ്ത്തിയാണ് ഇന്ത്യ മെഡല്‍ നിലനിര്‍ത്തിയത്.
മനസുനിറയ്ക്കുന്ന സ്വീകരണമാണെന്ന് ശ്രീജേഷ് പ്രതികരിച്ചു. ‘വളരെ സന്തോഷമുണ്ട്. ഇതുപോലെ ഗംഭീര സ്വീകരണം ലഭിച്ചതില്‍ മനസുനിറഞ്ഞിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി മെഡല്‍ നേടി തിരിച്ചെത്തുമ്പോള്‍ ഇത്തരത്തില്‍ ലഭിക്കുന്ന സ്വീകരണമാണ് ഏതൊരു അത്‌ലറ്റിനെ സംബന്ധിച്ചും വലുതെന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഒളിമ്പിക്സിന്റെ സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്താന്‍ കഴിഞ്ഞതിലെ സന്തോഷവും ശ്രീജേഷ് പങ്കുവച്ചു. ഇനി വീണ്ടും ഇന്ത്യന്‍ ജഴ്സി അണിയുമോ എന്ന ചോദ്യത്തിന് അതൊരു യാത്രയുടെ അവസാനമാണെന്നായിരുന്നു ശ്രീജേഷിന്റെ മറുപടി. ശനിയാഴ്ച ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ ആദ്യ സംഘം ഡല്‍ഹിയിലെത്തിയിരുന്നു.
ഗുസ്തിയിലെ വെങ്കലമെഡല്‍ ജേതാവായ അമന്‍ സെഹ്റാവത്തിനെയും രാജ്യം ഇന്നലെ വരവേറ്റു. പുഷ്പവൃഷ്ടിയോടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ആരാധകരും കുടുംബാംഗങ്ങളും താരത്തെ സ്വാഗതം ചെയ്തത്. രാജ്യത്തിന് വേണ്ടി മെഡൽ നേടിയതിൽ സന്തോഷമുണ്ടെന്ന് 22 കാരനായ അമൻ സെഹ്‌റാവത് പറഞ്ഞു. “ഞാൻ വളരെ സന്തോഷവാനാണ്, ഒളിമ്പിക്സിൽ രാജ്യത്തിനായി മെഡൽ നേടിയെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. സ്വർണം പ്രതീക്ഷിച്ചിരുന്നു, എന്നാൽ വെങ്കലത്തിലും സന്തുഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ലക്ഷ്യം 2028 ഒളിമ്പിക്സിനും 2026 ഏഷ്യൻ ഗെയിംസിനും വേണ്ടിയുള്ള തയ്യാറെടുപ്പായിരിക്കുമെന്നും അമന്‍ കൂട്ടിച്ചേർത്തു.
English summary ; Royal welcome for Olympic medalists
You may also like this video