വിശ്വകർമ്മ പെൻഷൻകാർക്കും 2000 രൂപ നിരക്കിൽ പെൻഷൻ അനുവദിക്കുമെന്ന് മന്ത്രി ഒ ആർ കേളു. ഈ മാസം മുതല്‍ പുതുക്കിയ പെന്‍ഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കെ പ്രേംകുമാറിന്റെ ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ വിശ്വകർമ്മ വിഭാഗത്തിലെ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരും, മറ്റ് പെൻഷനുകൾ ഒന്നും ലഭിക്കാത്തതുമായ ആശാരിമാർ (മരം, കല്ല്, ഇരുമ്പ്), സ്വർണപണിക്കാർ, മൂശാരിമാർ തുടങ്ങി 60 വയസ് കഴിഞ്ഞ പരമ്പരാഗത തൊഴിലാളികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിശ്വകർമ്മ പെൻഷൻ അനുവദിച്ച് വരുന്നുണ്ട്. പല ഘട്ടങ്ങളിലായി വർധിപ്പിച്ച പെൻഷൻ 2023 മുതൽ 1600 രൂപയാക്കി നൽകി വരുന്നു. വിശ്വകർമ്മ വിഭാഗത്തിലെ അർഹതയുള്ള ഭൂരിപക്ഷം പേരും സാമൂഹ്യസുരക്ഷാ പെൻഷനാണ് സ്വീകരിക്കുന്നത്.
എന്നാൽ നിലവിൽ പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നും പെൻഷൻ വാങ്ങിവരുന്ന 285 ഗുണഭോക്താക്കൾക്കാണ് പുതിയ വർധന വരുത്തിയത്. പെൻഷൻ പദ്ധതിയ്ക്ക് 2025–26 സാമ്പത്തിക വർഷം 50,00,000 രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വിശ്വകർമ്മ പെൻഷൻകാർക്കും 2000 രൂപ പെൻഷൻ

