Site iconSite icon Janayugom Online

പാചകവാതകത്തിന് 50 രൂപ കൂട്ടി: പൊറുതിമുട്ടിക്കുന്നു

വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനത്തെ പൊറുതിമുട്ടിച്ച് പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് ഇന്നലെ വർധിപ്പിച്ചത്. പുതുക്കിയ വില പ്രകാരം 14.2 കിലോ സിലിണ്ടറിന് തിരുവനന്തപുരത്ത് 1009 രൂപ നല്കണം. നേരത്തെ, 959 രൂപയായിരുന്നു വില.

രാജ്യത്തെ പെട്രോൾ‑ഡീസൽ വില തുടർച്ചയായ 30ാം ദിവസവും മാറ്റമില്ലാതെ തുടരുന്നതിന്റെ നേരിയ ആശ്വാസത്തിനിടെയാണ് പാചകവാതക വിലയിലെ ഇരുട്ടടി. ഏപ്രിൽ ഏഴ് മുതൽ രാജ്യത്തുടനീളം ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. അഞ്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 2021 നവംബർ മുതൽ 2022 മാർച്ച് വരെ പാചകവാതകമുൾപ്പെടെ ഇന്ധനവിലയിൽ വർധനയുണ്ടായില്ല. മാർച്ചിലാണ് ഗാർഹിക പാചകവാതക സിലിണ്ടറിന് ഉൾപ്പെടെ വില വർധിപ്പിച്ചത്. 50 രൂപയാണ് മാർച്ചിൽ ഗാർഹിക പാചകവാതകത്തിന് വർധിപ്പിച്ചത്.

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞയാഴ്ച വില കൂട്ടിയിരുന്നു. 19 കിലോ സിലിണ്ടറിന് 102 രൂപയാണ് കൂട്ടിയത്. നിലവിൽ 2359 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. മാർച്ച് ഒന്നിന് 105 രൂപയും ഏപ്രിൽ ഒന്നിന് 250 രൂപയും വാണിജ്യ എൽപിജി സിലിണ്ടറിന് വർധിപ്പിച്ചിരുന്നു. പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിന് പുറമെയാണ് എൽപിജിയുടെ വിലവർധനവ്.

ഇന്ത്യയിൽ എൽപിജി വില നിർണയിക്കുന്നത് സർക്കാർ എണ്ണക്കമ്പനികളാണ്. പ്രതിമാസ അടിസ്ഥാനത്തിൽ വില പരിഷ്കരിക്കുകയാണ് ചെയ്തുവരുന്നത്. അന്താരാഷ്ട്ര ഇന്ധന നിരക്കും യുഎസ് ഡോളർ‑രൂപ വിനിമയ നിരക്കും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയിൽ അടിക്കടി വില ഉയരുന്നത് പണപ്പെരുപ്പം കൂടുതൽ രൂക്ഷമാക്കും. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പുറത്തുകടക്കാൻ ജനങ്ങൾ ശ്രമിക്കുന്നതിനിടെയാണ് ഇന്ധന വിലയും പാചകവാതക വിലയും തുടരെ കൂട്ടുന്നത്.

 

മോഡി ഭരണത്തിൽ വില ഇരട്ടി

നരേന്ദ്ര മോഡി അധികാരമേറ്റെടുക്കുമ്പോൾ 500 രൂപയുണ്ടായിരുന്ന ഗ്യാസ് വിലയാണ് 1006 ലെത്തിയത്. 2014 ജനുവരിയിൽ 507.50 രൂപയായിരുന്നു സിലിണ്ടർ വില. ആ മാസം ഗാർഹിക ഉപഭോഗത്തിനുള്ള സിലിണ്ടറിന് 230. 16 രൂപ ഒറ്റയടിക്ക് വർധിപ്പിച്ച് 1293.50 രൂപയാക്കിയിരുന്നു. എന്നാൽ 786 രൂപ സബ്സിഡി നല്കിയതിനാൽ ഉപയോക്താവിന് 507.50 രൂപക്ക് ഗ്യാസ് ലഭിച്ചിരുന്നു. നിലവിൽ ഗ്യാസിന് സബ്സിഡിയില്ലാത്തതാണ് സാധാരണക്കാരന് ഇരുട്ടടിയായത്.

 

മണ്ണെണ്ണ സ്റ്റൗ കത്തില്ല

ഗ്യാസ് വിലയിൽ നിന്ന് രക്ഷനേടാൻ പാവപ്പെട്ടവർ ഉപയോഗിച്ചിരുന്ന മണ്ണെണ്ണ സ്റ്റൗവും കത്താത്ത അവസ്ഥയാണ്. മണ്ണെണ്ണയുടെ വിലയും സർക്കാർ കൂത്തനെ കൂട്ടിയിട്ടുണ്ട്. മാർച്ച് മാസത്തിൽ 53 രൂപ വിലയുണ്ടായിരുന്ന റേഷൻ മണ്ണെണ്ണ ഇപ്പോൾ 31 രൂപ വർധിപ്പിച്ച് 84 രൂപയിലെത്തി. അതും മാസം അരലിറ്റർ മാത്രമാണ് ലഭിക്കുക.

പൊതുവിപണിയിൽ മണ്ണെണ്ണയുടെ വില 124 രൂപയാണ്. മോഡി സർക്കാർ അധികാരമേൽക്കുമ്പോൾ ഒരു ലിറ്റർ മണ്ണെണ്ണയുടെ പൊതുവിപണിയിലെ വില 56 രൂപയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ വാതക വില ഉയർന്നത് കമ്പനികൾ പൈപ്പ്‍ലെെൻ വഴി വിതരണം ചെയ്യുന്ന പ്രകൃതി വാതകത്തിന്റെയും (പിഎൻജി), കംപ്രസ്ഡ് പ്രകൃതി വാതകത്തിന്റെയും (സിഎൻജി) വിലയെ ബാധിച്ചിട്ടുണ്ട്. കമ്പനികൾ ആഭ്യന്തരമായി ഉല്പാദനത്തിന് പുറമെ പ്രകൃതി വാതകവും ഇറക്കുമതി ചെയ്തതാണ് കാരണം. വൈദ്യുതി ക്ഷാമം മാസങ്ങളോളം തുടരുമെന്ന മുന്നറിയിപ്പും ജനങ്ങളെ വലയ്ക്കുന്നു.

 

കുടുംബ ബജറ്റ് താളം തെറ്റും

പെട്രോൾ, ഡീസൽ വിലയ്ക്ക് പുറമെ ഗാർഹിക പാചകവാതകവിലയും കുത്തനെ കൂട്ടിയത് കുടുംബ ബജറ്റിനെ രൂക്ഷമായി ബാധിക്കും. ഇന്ത്യയിൽ എൽപിജിയാണ് 70 ശതമാനം വീടുകളിൽ പാചകവാതകമായി ഉപയോഗിക്കുന്നത്. വിലവർധിച്ചതോടെ ഒരു സിലിണ്ടർ ഒരു മാസം ഉപയോഗിച്ചിരുന്നത് രണ്ടും മൂന്നും മാസമുപയോഗിക്കാനുള്ള ശ്രമത്തിലാണ് പല കുടുംബങ്ങളും. ഗ്യാസിന്റെ ഉപയോഗം കുറച്ച് മണ്ണെണ്ണ സ്റ്റൗ, ഇൻഡക്ഷൻ കുക്കർ എന്നിവയുപയോഗിച്ച് നാളുകൾ തള്ളിനീക്കുകയാണ് ഇപ്പോൾത്തന്നെ പല വീട്ടമ്മമാരും.

 

പ്രതിഷേധിക്കുക: സിപിഐ

ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും ക്രമാതീതമായി വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പണപ്പെരുപ്പവും വിലക്കയറ്റവും പലിശനിരക്ക് വര്‍ധനയുമെല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാചകവാതക വിലക്കയറ്റം രാജ്യത്ത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കും.

ജനങ്ങള്‍ അനുഭവിക്കുന്ന ജീവിതദുരിതം പരിഗണിക്കാതെ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില യഥേഷ്ടം വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണ്. മോഡി സര്‍ക്കാരിന്റെ കോര്‍പറേറ്റ് ദാസ്യത്തിനെതിരെ രാജ്യമെമ്പാടും ശക്തമായി പ്രതിഷേധമുയര്‍ത്താന്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

സബ്സിഡി ഇല്ലാതാക്കി കൊള്ളയടി രണ്ടു വർഷം കൊണ്ട് മുക്കാൽ ലക്ഷം കോടി രൂപ

പാചകവാതകത്തിന് നല്കിയിരുന്ന സബ്സിഡി മുന്നറിയിപ്പില്ലാതെ നിർത്തലാക്കി മോഡി സർക്കാർ രണ്ടു വർഷം കൊണ്ട് കൊള്ളയടിച്ചത് മുക്കാൽ ലക്ഷം കോടി രൂപ. 2020 മേയ് മുതലാണ് രഹസ്യമായി സബ്സിഡി നിർത്തലാക്കിയത്. ഒന്നര വർഷത്തിലേറെക്കാലം സബ്സിഡി നിർത്തിയെന്ന് സമ്മതിക്കാതിരുന്ന കേന്ദ്രസർക്കാർ ഇക്കഴിഞ്ഞ ഡിസംബറിലാണ് രാജ്യസഭയിൽ ഒരു ചോദ്യത്തിനു മറുപടിയായി അത് അംഗീകരിച്ചത്.

2018–19ൽ സബ്സിഡിയിനത്തിൽ 31,539 കോടി രൂപ നൽകിയത് നിലവിൽ 3658 കോടിയായി കുറഞ്ഞുവെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് രേഖാമൂലം മറുപടി നൽകിയത്. അതായത് 27,881 കോടി സർക്കാർ ലാഭിച്ചു. ഈ കണക്കനുസരിച്ചു തന്നെ രണ്ടു വർഷം കൊണ്ട് സബ്സിഡി നിഷേധത്തിലൂടെ 55,000 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ പിഴിഞ്ഞെടുത്തത്.

സബ്സിഡി പുനഃസ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും ഇതും തട്ടിപ്പാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യം പഠിക്കുന്നതിനായി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പ്രകാരമാകും പുതിയ പരിഷ്കാരം. സിലിണ്ടറിന് 1000 രൂപ നിശ്ചയിച്ച് സബ്സിഡി പുനഃസ്ഥാപിക്കാനുള്ള നിർദേശമാണ് സമിതിയിൽ നിന്നുണ്ടായിട്ടുള്ളത്. സിലിണ്ടറിന്റെ വില 1000 രൂപ പിന്നിട്ടാൽ കൂടുതൽ വരുന്ന തുകയ്ക്ക് സബ്സിഡി ലഭിക്കും. അതായത് ഗ്യാസിന്റെ വില ചുരുങ്ങിയത് ആയിരം രൂപയായി സർക്കാർ നേരത്തെ നിശ്ചയിച്ചു എന്നർത്ഥം.

Exit mobile version