Site iconSite icon Janayugom Online

ഭോപ്പാല്‍ വാതക ദുരന്ത റാലിയില്‍ ആര്‍എസ്എസ് കോലം; ആക്രമണം അഴിച്ചുവിട്ട് സംഘ്പരിവാര്‍

ഭോപ്പാല്‍ വാതക ദുരന്ത അതിജീവിതര്‍ നടത്തിയ റാലിക്കെതിരെ അക്രമം അഴിച്ച് വിട്ട് ആര്‍എസ്എസ്. 5,000 ഓളം പേര്‍ അതിദാരുണമായി കൊല്ലപ്പെട്ട വാതക ദുരന്തത്തിന്റെ 41ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അതിജീവിതരുടെ നാല് സംഘടനകള്‍ സംഘടിപ്പിച്ച റാലിക്ക് നേരെയാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലവിളിയുമായെത്തി സംഘര്‍ഷം സൃഷ്ടിച്ചത്. ആര്‍എസ്എസിനെ ചിത്രീകരിക്കുന്ന കോലം ഉള്‍പ്പെടുത്തിയതിന്റെ പേരിലായിരുന്നു ആക്രമണം. ഭോപ്പാലിലെ ഭരത് ടാക്കീസില്‍ നിന്ന് ജെപി നഗര്‍ ഗ്യാസ് മെമ്മോറിയലിലേക്കാണ് അനുസ്മരണ റാലി നടന്നത്. യൂണിയന്‍ കാര്‍ബൈഡ്-ഡൗ കെമിക്കല്‍സ് കോലത്തിനൊപ്പമായിരുന്നു ആര്‍എസ്എസിന്റെ കോലം. 

കോലം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇരുമ്പ് പൈപ്പുകളുമായി റാലിയില്‍ പങ്കെടുത്തവരെ അക്രമിക്കുകയായിരുന്നു. എന്നാല്‍ വാതക ദുരന്തത്തിന് ഉത്തരവാദികളായ കമ്പനികളെയാണ് പ്രതിമ പ്രതിനിധാനം ചെയ്യുന്നതെന്നും ഏതെങ്കിലും ഗ്രൂപ്പിനെയോ സംഘടനയെയോ അല്ലെന്നും ഇരകളുടെ സംഘടന നേതാക്കള്‍ പറഞ്ഞു. 5,000 പേര്‍ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡ്, ഡൗ കെമിക്കല്‍സ് എന്നിവയെ സംരക്ഷിക്കുന്ന നയമാണ് ബിജെപി സ്വീകരിച്ചതെന്നും അനുസ്മരണ റാലി നടത്തിയവര്‍ പ്രതികരിച്ചു. 

സംഘര്‍ഷത്തിനിടെ കോലങ്ങള്‍ പൊലീസ് പിടിച്ചെടുത്തുവെങ്കിലും അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ല. ദുരന്തത്തില്‍ ജീവച്ഛവമായി കഴിയുന്ന ഇരകളെ ബിജെപി വഞ്ചിച്ചതായി വാതക ദുരന്ത അതിജീവിതരുടെ നാല് സംഘടനകള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. യൂണിയന്‍ കാര്‍ബൈഡ്-ഡൗ കെമിക്കല്‍സ് എന്നീ കുത്തക കമ്പനികളെ ബിജെപി സംരക്ഷിച്ചതായും ഇരകള്‍ക്ക് ഇപ്പോഴും നീതി ലഭിച്ചില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു. യൂണിയന്‍ കാര്‍ബൈഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വാറന്‍ ആന്‍ഡേഴ്സണെ രക്ഷപ്പെടുത്തി, അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ കബളിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളും സംഘടനകള്‍ ഉയര്‍ത്തിയിരുന്നു.

Exit mobile version