Site iconSite icon Janayugom Online

ആര്‍എസ്എസ്-ബിജെപി ഭിന്നത; മോഡി-ഷാ ബന്ധം ഉലയുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെച്ചൊല്ലി ആരംഭിച്ച ബിജെപിയിലെ കലഹം മോഡി-അമിത് ഷാ കൂട്ടുകെട്ടിലും വിള്ളല്‍വീഴ്ത്തി. മൂന്നാം വട്ടം സഖ്യകക്ഷികളുടെ പിന്തുണയോടെ അധികാരത്തിലേറി ഒരുമാസം പിന്നിടുന്ന വേളയിലാണ് പാര്‍ട്ടിക്കുള്ളില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള കലഹം കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നേരിട്ട കനത്ത തിരിച്ചടിയാണ് ഇരുവരും അകലാനുള്ള പ്രധാന കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
80 സീറ്റുള്ള യുപിയിലും തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയിലും ബിജെപി നിലംതൊടതെ പോയത് ബ്രാന്‍ഡ് മോഡി പ്രചരണം ഏശാതെ പോയതാണെന്ന വാദം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഈ വാദത്തിന് പിന്നില്‍ അമിത് ഷാ അനുയായികളാണെന്നാണ് സൂചന. അമിത് ഷായുടെ രഹസ്യ പിന്തുണയോടെയാണ് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആദിത്യനാഥിനെതിരെ പടപ്പുറപ്പാട് നടത്തുന്നത്. മഹാരാഷ്ട്രയില്‍ മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിയാക്കിയതിലും അമിത് ഷാ ക്യാമ്പ് അസ്വസ്ഥരാണ്. രാജസ്ഥാനില്‍ 2019ല്‍ 25 സീറ്റ് ലഭിച്ചത് ഇത്തവണ 14 സീറ്റിലേക്ക് ചുരുങ്ങിയതിലും മോഡി ബ്രാന്‍ഡിങ് പ്രധാന പങ്ക് വഹിച്ചുവെന്നാണ് അമിത് ഷാ പക്ഷത്തിന്റെ ആരോപണം. 

പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തെ പിടിച്ചുലയ്ക്കുന്ന വിധത്തിലേക്ക് ആഭ്യന്തര കലഹം മാറിക്കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് 400 സീറ്റെന്ന മോഹന സ്വപ്നവുമായി അവതാരപുരുഷന്‍ ചമഞ്ഞ മോഡിയുടെയും അമിത് ഷായുടെയും സ്വപ്നങ്ങള്‍ക്കുമേല്‍ വീണ കരിനിഴല്‍ താഴെത്തട്ടിലേക്കും പടര്‍ന്നുവെന്നാണ് യുപിയില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന.
ഝാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രി രഘുബര്‍, ഹരിയാനയിലെ മനോഹര്‍ലാല്‍ ഖട്ടാര്‍ എന്നിവരുടെ ഇളക്കി പ്രതിഷ്ഠയിലും മോഡിയും അമിത് ഷായും തമ്മില്‍ കൊമ്പ് കോര്‍ത്തുവെന്നാണ് വിവരം. ഇതിനുപുറമെയാണ് ഉത്തര്‍ പ്രദേശിലെ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കത്തിലും മോഡി-ഷാ ഭിന്നത പുറത്തുവന്നത്. ബിജെപി ശക്തികേന്ദ്രങ്ങളിലെ തിരിച്ചടി മോഡിയുടെ ഒറ്റയാള്‍ പ്രകടനത്തിന്റെ പ്രതിഫലനമാണെന്ന വാദം പാര്‍ട്ടിക്കുള്ളില്‍ ശക്തി പ്രാപിക്കുകയാണ്. ആര്‍എസ് എസുമായി ഇപ്പേഴും അടുത്ത ബന്ധം പുലര്‍ത്തുന്ന അമിത് ഷായ്ക്ക് മോഹന്‍ ഭാഗവതിന്റെ രഹസ്യ പിന്തുണയുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം ആര്‍എസ്എസ്-ബിജെപി സംയുക്ത യോഗം ഇന്ന് ലഖ്നൗവില്‍ തുടങ്ങും. ഉത്തര്‍പ്രദേശിലെ ബിജെപി നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് യോഗം. ആര്‍എസ്എസിന്റെ പ്രമുഖ നേതാക്കളെത്തുന്ന യോഗത്തില്‍ ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും പങ്കെടുക്കും. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം നിലവിലെ പ്രതിസന്ധിയും ചര്‍ച്ച ചെയ്യും. ബിജെപിക്കെതിരെ ആര്‍എസ്എസ് മേധാവി തന്നെ നിലപാട് കടുപ്പിക്കുമ്പോള്‍ ശക്തമായ നിര്‍ദേശങ്ങള്‍ക്കും സാധ്യതയുണ്ട്. ചിലര്‍ അതിമാനുഷരാകാന്‍ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മോഡിക്കെതിരെ മോഹന്‍ ഭാഗവത് പരോക്ഷ വിമര്‍ശനം നടത്തിയിരുന്നു.

Eng­lish Sum­ma­ry: RSS-BJP split; Modi-Shah rela­tion­ship is fraying

You may also like this video

Exit mobile version