Site icon Janayugom Online

ചരിത്രത്തെ വളച്ചൊടിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

വാരാണസിയിലെ ഗ്യാൻവാപി തർക്കത്തിൽ വിശ്വാസത്തിന്റെ ചില പ്രശ്നങ്ങളുണ്ടെങ്കിലും കോടതിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. എന്തിനാണ് എല്ലാ മസ്ജിദിലും ശിവലിംഗത്തിന് വേണ്ടി പരിശോധിക്കുന്നത് എന്നും ഭാഗവത് ചോദിച്ചു.

‘നമാസ് ഒരു പൂജയാണ്. ഞങ്ങൾ ഒരു തരത്തിലുള്ള പൂജയ്ക്കും എതിരല്ല’ ഭാഗവത് ഇങ്ങനെ പറഞ്ഞപ്പോൾ സ്വന്തം അണികൾക്ക് തന്നെ ചെറിയ അമ്പരപ്പുണ്ടായി. എന്നാൽ ആശയക്കുഴപ്പമുണ്ടാക്കി ചരിത്രത്തെ വികലമായി അവതരിപ്പിക്കുന്ന സ്ഥിരം സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണ് ഭാഗവതിന്റെ പ്രസ്താവനയെന്ന് തുടർന്നുള്ള പ്രയോഗങ്ങൾ തെളിവ് നല്കുന്നു.

‘നമുക്ക് ചരിത്രം മാറ്റാൻ കഴിയില്ല. ഇന്നത്തെ ഹിന്ദുക്കളോ ഇന്നത്തെ മുസ്‍ലിങ്ങളോ സൃഷ്ടിച്ചതല്ല അത്. ഇസ്‍ലാം പുറത്ത് നിന്നാണ് വന്നത്. അന്ന് ആക്രമണത്തിൽ ആരാധനാലയങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്’ എന്നും ആർഎസ്എസ് പരിശീലന ക്യാമ്പിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെ മോഹൻ ഭാഗവത് പറഞ്ഞു.

തുടർന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ തികച്ചും ചരിത്ര വിരുദ്ധമാണ്. ‘നമ്മൾ ആ ചരിത്രം ശരിയായി രേഖപ്പെടുത്തിയിട്ടില്ല. ഇന്നത്തെ ഹിന്ദുക്കളോ മുസ്‍ലിങ്ങളോ അല്ല അതിന് കാരണം.

ആക്രമണകാരികളോടൊപ്പമാണ് മുസ്‍ലിങ്ങൾ ഇവിടെ വന്നത്. അന്ന് ഇന്ത്യക്കാരുടെ മനോവീര്യം തകർക്കാൻ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. ഹിന്ദുക്കളുടെ ഹൃദയത്തിൽ പ്രത്യേക പ്രാധാന്യമുള്ള ക്ഷേത്രങ്ങളുടെ പ്രശ്നങ്ങളാണ് ഇപ്പോൾ ഉന്നയിക്കപ്പെടുന്നത്’ എന്ന വിഷം ചീറ്റുന്ന പ്രയോഗമാണ് അദ്ദേഹം നടത്തിയത്.

ആക്രമണകാരികളായിട്ടല്ല, വ്യാപാരത്തിനായാണ് മുസ്‍ലിങ്ങൾ ഇന്ത്യയിൽ വന്നത് എന്ന ചരിത്രത്തെ തമസ്കരിച്ച ഭാഗവത് പ്രത്യേക പ്രാധാന്യമുള്ള ക്ഷേത്രങ്ങളുടെ പ്രശ്നങ്ങളാണ് ഉന്നയിക്കപ്പെടുന്നത് എന്ന പ്രയോഗത്തിലൂടെ ഗ്യാൻവാപിയിലെയും മഥുരയിലെയും ഹിന്ദുത്വ അവകാശവാദങ്ങളെ ഉറപ്പിക്കുകയാണ്.

ആരാധനാലയങ്ങൾ തകർക്കുകയും നിർമ്മിക്കുകയും ചെയ്തത് അക്കാലത്തെ ഭരണാധികാരികളാണ്, സാധാരണ ജനതയല്ല. മുസ്‍ലിങ്ങളുടെ പൂർവികർ ഹിന്ദുക്കളായിരുന്നുവെന്ന പ്രസ്താവനയിലൂടെ ഇന്ത്യയിലെ സംസ്കാര വെെവിധ്യങ്ങളെ മറച്ചുവച്ച് ഏക സംസ്കാരമെന്ന് ഹിന്ദുത്വ അജണ്ടയിലേക്ക് ചുരുക്കുകയും ചെയ്തു.

Eng­lish summary;RSS chief Mohan Bhag­wat twists history

You may also like this video;

Exit mobile version