Site iconSite icon Janayugom Online

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളേ. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ദത്താത്രേയയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണ് ഇവ എന്നാണ് ദത്താത്രേയയുടെ ആരോപണം.

1975 ജൂണ്‍ 25‑നാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 21 മാസം നീണ്ട അടിയന്തരാവസ്ഥ 1977 മാര്‍ച്ച് 21‑നാണ് അവസാനിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം എന്നാണ് അടിയന്തരാവസ്ഥക്കാലം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. രാജ്യത്തെ പൗരന്മാരുടെ എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യവും ഹനിക്കപ്പെട്ട ദിനങ്ങളായിരുന്നു അവയെന്നും ദത്താത്രേയ അഭിപ്രായപ്പെട്ടു. നിര്‍ബന്ധിത വന്ധ്യവല്‍ക്കരണമടക്കമുള്ള ക്രൂരകൃത്യങ്ങളാണ് അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. 

ആയിരക്കണക്കിന് ജനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടു. കോടതിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു, ദത്താത്രേയ ചൂണ്ടിക്കാട്ടി. ഈ കാലത്താണ് ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയത്. അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയില്‍ ആ പദങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ, അടിയന്തരാവസ്ഥക്കാലത്തിന്റെ 50-ാം വാര്‍ഷികം തികയുന്ന ഈ സമയത്ത് കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ദ്രോഹിച്ചവരാണ് ഇപ്പോള്‍ ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നത്. അവര്‍ ഇപ്പോഴും മാപ്പ് പറഞ്ഞിട്ടില്ല. നിങ്ങളുടെ പൂര്‍വികന്മാരാണ് അത് ചെയ്തത്. നിങ്ങള്‍ അതിനുവേണ്ടി രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും മാപ്പ് പറയണം,’ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനും കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ രാഹുല്‍ ഗാന്ധിയോടായി അദ്ദേഹം ആവശ്യപ്പെട്ടു. 

RSS Gen­er­al Sec­re­tary wants social­ist, sec­u­lar­ism removed from the pre­am­ble of the Constitution

Exit mobile version