Site iconSite icon Janayugom Online

ആര്‍എസ്എസ് ഒരിക്കലും ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്ന് ജയറാം രമേശ്

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ് , മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളേയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ആർ‌എസ്‌എസ് ഒരിക്കലും ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡോ ബി.ആർ അംബേദ്കർ, ജവഹർലാൽ നെഹ്‌റു, എന്നിവരുൾപ്പെടെയുള്ള ഭരണഘടന ശില്പികളെ ആർഎസ്എസ് ആക്രമിച്ചു. ആർ‌എസ്‌എസിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, ഭരണഘടന മനുസ്മൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതല്ല. അദ്ദേഹം പറഞ്ഞു. 

പുതിയ ഭരണഘടനയ്ക്കായി ആർ‌എസ്‌എസും ബിജെപിയും ആവർത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോഡിയുടെ പ്രചാരണ മുദ്രാവാക്യമായിരുന്നു ഇത്. ഇന്ത്യയിലെ ജനങ്ങൾ ഈ മുറവിളി നിരസിച്ചു. എന്നിട്ടും ഭരണഘടനയുടെ ഘടന മാറ്റണമെന്ന ആവശ്യങ്ങൾ ആർ‌എസ്‌എസ് തുടർന്നും ഉന്നയിക്കുകയാണ്. ജയറാം രമേശ് എക്സിൽ കുറിച്ചു. ആർഎസ്എസ് നേതാവ് ഉന്നയിക്കുന്ന വിഷയത്തിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് തന്നെ 2024 നവംബർ 25‑ന് ഒരു വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും അത് വായിച്ചു നോക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നത് കൂടുതലാണോയെന്നും അദ്ദേ​ഹം വിമർശിച്ചു. 

അന്ന് ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് കുമാർ സുപ്രീം കോടതിയുടെ നിരവധി വിധികളിൽ മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണെന്ന് നിരീക്ഷിച്ചിരുന്നു. ഇത് പരാമർശിച്ചായിരുന്നു വിധി വായിച്ചുനോക്കാൻ ആർഎസ്എസ് ജനറൽ സെക്രട്ടറിയോട് കോൺ​ഗ്രസ് നേതാവ് ആവശ്യപ്പെട്ടത്. വിധിയുടെ പകർപ്പും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചു.

Exit mobile version