Site iconSite icon Janayugom Online

ആർഎസ്എസ് ‑ജമാഅത്തെ ഇസ്ലാമി ചർച്ച: യുഡിഎഫ് മൗനം പാലിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ആർഎസ്എസ് ‑ജമാഅത്തെ ഇസ്ലാമി ചർച്ചയിൽ യുഡിഎഫ് മൗനം പാലിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. യുഡിഎഫിന്റെ മൗനം മതേതരവാദികളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

കേരളത്തിലെ പ്രബല മുസ്ലിം സംഘടനകളും, പണ്ഡിത നേതൃത്വങ്ങളും ശക്തമായി ആർഎസ്എസ് ‑ജമാഅത്തെ ഇസ്ലാമി ചർച്ചക്കെതിരെ നിലപാടുകൾ സ്വീകരിച്ചു. എന്നാൽ മുസ്ലിം ലീഗ് ഇതിനെതിരെ രംഗത്ത് വന്നിട്ടില്ല. യുഡിഎഫ് നേതൃത്വം ഇതിനെതിരെ ഒരു അക്ഷരം മിണ്ടിയിട്ടില്ല. കെപിസിസി പ്രസിഡന്റ് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ ഈ വിഷയത്തിൽ ഇതുവരെ ഒരു നിലപാട് പറഞ്ഞിട്ടില്ല. എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്ന കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഈ വിഷയത്തിൽ ഒരു അക്ഷരം മിണ്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമങ്ങൾ ശക്തമാകുമ്പോൾ അതിനെ ചെറുക്കാനോ ഇല്ലാതാക്കാനോ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാക്കളെ ചുട്ട് കൊന്ന സംഭവംവരെ അടുത്ത് ഉണ്ടായി. ഈ സമയത്ത് ആർഎസ്എസിനെ പോലെ തന്നെ ഒരു മതരാഷ്ട്ര വാദം മുറുക്കെ പിടിക്കുന്ന ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായി ചർച്ച ചെയ്യുന്ന ഏറ്റവും നാണംകെട്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയത്. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അടച്ചിട്ട മുറിയിലാണ് ആർഎസ്എസുമായി ചർച്ച നടത്തിയത്. ഒരു ഭാഗത്ത് ആർഎസ്എസിനെതിരെ ലേഖനമെഴുതുകയും സംസാരിക്കുകയും മറുഭാഗത്ത് തലയിൽ മുണ്ടിട്ട് ചർച്ചക്ക് പോകുകയുമാണ് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Eng­lish Sum­ma­ry: RSS Jamaat-e-Isla­mi debate: Min­is­ter Muham­mad Riaz says UDF is silent

You may also like this video

Exit mobile version