Site iconSite icon Janayugom Online

ആര്‍എസ്എസ് ഭീഷണിപ്പെടുത്തി; കേന്ദ്രം മലക്കംമറിഞ്ഞു

മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് വീടും സുരക്ഷയും പ്രഖ്യാപിച്ച കേന്ദ്രം ആര്‍എസ്എസ് കണ്ണുരുട്ടിയപ്പോള്‍ മലക്കംമറിഞ്ഞു. അഭയാർത്ഥികളെ ഡൽഹിയിലെ ഫ്ലാറ്റുകളിലേക്ക് മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചുവെന്നും 24 മണിക്കൂറും സുരക്ഷയുള്ളയിടമായിരിക്കുമെന്നുമുള്ള പ്രഖ്യാപനമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ തന്നെ പിന്‍വലിച്ചത്. അനധികൃത കുടിയേറ്റക്കാര്‍‌ക്ക് ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു തിരുത്ത്.

ബക്കർവാല മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളും 24 മണിക്കൂറും സുരക്ഷയുമുള്ള ഫ്ലാറ്റുകളില്‍ റോഹിങ്ക്യൻ അഭയാർത്ഥികള്‍ക്ക് സൗകര്യമൊരുക്കുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് അറിയിച്ചത്. ഒരു സുപ്രധാന തീരുമാനമാണെന്നും രാജ്യത്ത് അഭയം തേടിയവരെ ഇന്ത്യ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ അഭയാർത്ഥി നയത്തെ സിഎഎയുമായി ചേര്‍ത്ത് മനഃപൂര്‍വം അപവാദങ്ങൾ പ്രചരിപ്പിക്കുന്നവർ നിരാശരാകുമെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ സർക്കാർ തീരുമാനത്തെ വിമര്‍ശിച്ച് ആർഎസ്എസ് രംഗത്തുവന്നു. തീരുമാനം നിരാശാജനകമാണെന്ന് ആർഎസ്എസ് വൃത്തങ്ങൾ പറഞ്ഞു. ഇത് 2019 ലെ പൗരത്വ (ഭേദഗതി) നിയമത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്നും റോഹിങ്ക്യകള്‍ക്കായി അസമിൽ തടങ്കൽ കേന്ദ്രങ്ങളുണ്ടെന്നും ആര്‍എസ്എസ് പറഞ്ഞു. ഇതോടെയാണ് അവര്‍ നിയമവിരുദ്ധ വിദേശികളാണെന്നും പാര്‍പ്പിടമൊരുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം നിലപാട് മാറ്റിയത്. നിയമപ്രകാരം നാടുകടത്തുന്നതു വരെ അവര്‍ കരുതല്‍ കേന്ദ്രത്തിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഡല്‍ഹി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. 

ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ 1951 ലെ റഫ്യൂജി കൺവെൻഷനെ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു, എല്ലാവർക്കും അവരുടെ വംശമോ മതമോ പരിഗണിക്കാതെ അഭയം നല്കുകയും ചെയ്യുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തിരുന്നത്. അഭയാർത്ഥികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിന് ശേഷമായിരുന്നു തീരുമാനം. ഡൽഹി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡൽഹി സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. 

2018ൽ കാളിന്ദി കുഞ്ചിലും മദൻപുർ ഖാദറിലും റോഹിങ്ക്യൻ അഭയാർത്ഥികളുടെ വീടുകളിൽ വൻ തീപിടിത്തമുണ്ടായി. 2021ൽ വീണ്ടുമുണ്ടായ തീപിടിത്തത്തിലും വീടുകൾ നശിച്ചു. തുടര്‍ന്നാണ് മദൻപുർ മേഖലയിലെ ടെന്റുകളിലേക്ക് ഇവരെ മാറ്റിയത്. ഈ കുടിലുകള്‍ക്ക് ഡൽഹി സർക്കാർ പ്രതിമാസം ഏഴ് ലക്ഷം രൂപ വാടക നല്കുന്നുണ്ട്. 

Eng­lish Summary:RSS threat­ened; The cen­ter collapsed
You may also like this video

Exit mobile version