Site iconSite icon Janayugom Online

വിദ്യാഭ്യാസ രംഗത്തെ ‘നൊബേൽ’ ഇന്ത്യയിലേക്ക്; ഒൻപത് കോടിയുടെ ഗ്ലോബൽ ടീച്ചർ പ്രൈസ് സ്വന്തമാക്കി റൂബിൾ നാഗി

മുംബൈയിലെ ചേരികളിൽ അറിവിന്റെ വെളിച്ചം പകർന്ന അധ്യാപികയായ റൂബിൾ നാഗിക്ക് വൺ മില്യൺ ഡോളർ (ഏകദേശം 9 കോടി രൂപ) മൂല്യമുള്ള ‘ഗ്ലോബൽ ടീച്ചർ പ്രൈസ്’. വിദ്യാഭ്യാസ രംഗത്തെ നൊബേൽ എന്നറിയപ്പെടുന്ന ഗ്ലോബൽ ടീച്ചർ പ്രൈസ് ദുബായിൽ നടന്ന വാർഷിക ലോക സർക്കാർ ഉച്ചകോടിയിൽ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റൂബിൾ നാഗിക്ക് പുരസ്കാരം സമ്മാനിച്ചു. ഇന്ത്യയിലുടനീളം നൂറുകണക്കിന് ലേണിങ് സെന്ററുകൾ സ്ഥാപിച്ച് ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതത്തിൽ വെളിച്ചമേകിയതിനാണ് ഈ അംഗീകാരം.

റൂബിൾ നാഗി ആർട്ട് ഫൗണ്ടേഷനിലൂടെ ഇന്ത്യയിൽ എണ്ണൂറിലധികം ലേണിങ് സെറ്ററുകളാണ് ഇവര്‍ സ്ഥാപിച്ചത്. സ്കൂളിൽ പോകാത്ത കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിനൊപ്പം, നിലവിൽ സ്കൂളിൽ പോകുന്നവർക്ക് പ്രത്യേക പരിശീലനവും ഈ സെന്ററുകൾ വഴി നൽകുന്നു. റൂബിൾ നാഗിയുടെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് മിസാൽ മുംബൈ. മുംബൈയിലെ ചേരികളിലെ വീടുകൾ ചായം പൂശി മനോഹരമാക്കുകയും അവിടുത്തെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇത് പിന്നീട് ‘മിസാൽ ഇന്ത്യ’ എന്ന പേരിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. കുട്ടികൾക്ക് പഠനം ഭാരമാകാതിരിക്കാൻ ചിത്രരചനയിലൂടെയും ചുവർചിത്രങ്ങളിലൂടെയും ശാസ്ത്രവും കണക്കും റൂബിൾ നാഗി പഠിപ്പിച്ചു. ഇന്ത്യയിലുടനീളം നൂറുകണക്കിന് കൂറ്റൻ ചുവർചിത്രങ്ങൾ അവർ നിർമ്മിച്ചിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾക്കായി സൗജന്യ വൊക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ സമ്മാനത്തുക ഉപയോഗിക്കുമെന്ന് റൂബിൾ നാഗി പറഞ്ഞു.

Exit mobile version