ഹംദാർദ് ലബോറട്ടറീസിന്റെ പാനീയമായ ‘റൂഹ് അഫ്‌സ’യെ ഫ്രൂട്ട് ഡ്രിങ്ക് വിഭാഗത്തിൽ ഉൾപ്പെടുത്താമെന്നും കുറഞ്ഞ നിരക്കിലുള്ള നികുതി ഈടാക്കിയാൽ മതിയെന്നും സുപ്രീം കോടതി. ഇതോടെ ഉത്തർപ്രദേശ് സർക്കാർ ഈടാക്കിയിരുന്ന 12.5% നികുതിക്ക് പകരം നാല് ശതമാനം നികുതി മാത്രം നൽകിയാൽ മതിയാകും. പത്തുവർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഹംദാർദിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
റൂഹ് അഫ്‌സയിൽ 10 ശതമാനം മാത്രമാണ് പഴച്ചാറുള്ളതെന്നും ബാക്കി പഞ്ചസാര ലായനിയാണെന്നും അതിനാൽ ‘ഫ്രൂട്ട് ഡ്രിങ്ക്’ ആയി കാണാൻ കഴിയില്ലെന്നും സർക്കാർ വാദിച്ചു. എന്നാല്‍ ഒരു ഉല്പന്നത്തിന്റെ സ്വഭാവം നിർണയിക്കേണ്ടത് അതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകത്തെ അടിസ്ഥാനമാക്കിയായിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു. റൂഹ് അഫ്‌സയുടെ കാര്യത്തിൽ അത് പഴങ്ങളുടെ സത്താണ്. പഞ്ചസാരയുടെ അളവ് കൂടുതലാണെന്നത് ഇതിനെ ഒരു ഫ്രൂട്ട് ഡ്രിങ്ക് അല്ലാതാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ സംഘപരിവാറും രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പും റൂഹ് അഫ്‌സക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു.

