Site iconSite icon Janayugom Online

ഭരണപക്ഷ എംപി വെടിയേറ്റ് മരിച്ചു: ശ്രീലങ്കയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

amarakeerthyamarakeerthy

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധകര്‍ക്കെതിരെ മഹിന്ദ രാജപക്സെ അനുയായികള്‍ നടത്തിയ ആക്രമണത്തില്‍ ഭരണകക്ഷി എംപി അമരകീര്‍ത്തി അതുകൊരാല വെടിയേറ്റ് മരിച്ചു. അമരകീര്‍ത്തിയുടെ കാര്‍ തടഞ്ഞുനിര്‍ത്തിയ രണ്ട് പ്രതിഷേധകര്‍ക്കെതിരെ അദ്ദേഹം വെടിയുതിര്‍ത്തിരുന്നു. എംപിയുടെ വെടിയേറ്റ് ഒരാള്‍ മരിച്ചതിനെത്തുടര്‍ന്ന് സമീപത്തെ കെട്ടിടത്തില്‍ അഭയം പ്രാപിച്ച അമരകീര്‍ത്തിയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആള്‍ക്കൂട്ടം വളഞ്ഞതോടെ എംപി സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൊളംബോയില്‍ മഹിന്ദ രാജപക്സെയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിന് സമീപം തമ്പടിച്ചിരുന്നു പ്രതിഷേധകര്‍ക്കിടെയാണ് മഹിന്ദ അനുകൂലികള്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ 139 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ, രാഷ്ട്രീയ നേതാക്കളുള്‍പ്പടെയുള്ളവര്‍ക്കെതിരെ രാജ്യത്ത് പലയിടത്തും വ്യാപക ആക്രമണങ്ങള്‍ ഉണ്ടായി. പാര്‍ലമെന്റംഗം സനത് നിശാന്തയുടെ വീടിന് തീയിട്ടു. കുറുനാഗല മേയര്‍ തുഷാര സഞ്ജീവയുടെ വീടിന് നേരയും ആക്രമണമുണ്ടായി. മുന്‍ മന്ത്രി ജോണ്‍സണ്‍ ഫെര്‍ണാണ്ടോയുടെ വീടും ആക്രമിച്ചു.

പൊലീസ് ബാരിക്കേഡുകള്‍ മറികടന്നെത്തിയാണ് സര്‍ക്കാര്‍ അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിച്ചത്. വടികളുള്‍പ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ ഇവര്‍ നിരായുധരായ പ്രതിഷേധക്കാരെ തല്ലി ഓടിക്കുകയായിരുന്നു. പൊലീസിന് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ കഴിയാതെ വന്നതോടെ കലാപത്തെ നേരിടാന്‍ പരിശീലനം നേടിയ പ്രത്യേക സേനയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ആക്രമണത്തെതുടര്‍ന്ന് രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആദ്യം കൊളംബോയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്നീട് രാജ്യവ്യാപകമായി പ്രഖ്യാപിക്കുകയായിരുന്നു.

മഹിന്ദ രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്കെതിരെ ആക്രമണവുമായി മഹിന്ദ അനുകൂലികള്‍ രംഗത്തെത്തിയത്. രാജി വയ്ക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മഹിന്ദ അനുയായികളെ വസതിയിലേക്ക് വിളിച്ചിരുന്നു. നഗരത്തില്‍ പ്രകടനം നടത്തിയ സംഘം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ തിരിയുകയായിരുന്നു. ആക്രമണത്തെ പ്രസിഡന്റ് ഗോതബയ രാജപക്സെ തള്ളിപ്പറഞ്ഞതോടെ മറ്റ് മാര്‍ഗങ്ങളില്ലാതെ മഹിന്ദ രാജിവയ്ക്കുകയായിരുന്നു. നിലവിലെ പ്രശ്നത്തിനുള്ള പരിഹാരം ആക്രമണമല്ലെന്നും രാഷ്ട്രീയ വിധേയത്വങ്ങൾ പരിഗണിക്കാതെ, അക്രമ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായും ഗോതബയ പറഞ്ഞു.

Eng­lish Sum­ma­ry: Rul­ing par­ty MP shot dead: Indef­i­nite cur­few declared in Sri Lanka

You may like this video also

Exit mobile version