Site iconSite icon Janayugom Online

അഭ്യൂഹങ്ങള്‍ തകര്‍ന്നത് കുമിള പോലെ

കളമശേരിയിൽ ബോംബ് സ്ഫോടനം നടന്ന ആദ്യ മണിക്കൂറുകളില്‍ തീവ്രവാദ സ്വാധീനം മുതൽ ഇസ്രയേൽ ഹമാസ് യുദ്ധം വരെ സംഭവവുമായി ചേര്‍ത്തു വായിക്കപ്പെട്ടു. ഒടുവിൽ പ്രതി പഴയ യഹോവ സാക്ഷി പ്രവർത്തകൻ ആണെന്ന വിവരം പുറത്തുവന്നതോടെ എല്ലാ അഭ്യൂഹങ്ങളും അവസാനിച്ചു. സാമ്ര കൺവെൻഷൻ സെന്ററിൽ ബോംബ് സ്ഫോടനം ഉണ്ടായ വിവരം പുറം ലോകം അറിയുന്നത് രാവിലെ 10 മണിയോടെയാണ് . ആദ്യം പൊട്ടിത്തെറി എന്ന രീതിയിലാണ് വാർത്ത പുറത്തു വന്നത്. ഷോർട്ട് സർക്യൂട്ട് കാരണം ഏതോ വൈദ്യുതി ഉപകരണം പൊട്ടിത്തെറിച്ചു എന്നായിരുന്നു ധാരണ. ഹാളിനുള്ളിൽ നിന്ന് വെടിമരുന്നിന്റെ ഗന്ധം വ്യാപിച്ചിരുന്നു എന്ന് കൺവൻഷനിൽ പങ്കെടുത്തവരിൽ ചിലർ പറഞ്ഞെങ്കിലും ആരും മുഖവിലയ്ക്ക് എടുത്തില്ല. 

അതേ സമയം സംഭവ സ്ഥലം സന്ദർശിച്ച ജനപ്രതിനിധികൾക്ക് ബോംബ് സ്ഫോടനം തന്നെയാണെന്ന സൂചനകൾ കിട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തി ഡിജിപി ബോംബ് സ്ഫോടനം തന്നെ എന്ന് സ്ഥിരീകരിച്ചതോടെ തീവ്രവാദി ആക്രമണമെന്ന് പലരും ഉറപ്പിച്ചു. കേരളത്തിലെ മതസാഹോദര്യം തകർന്നു എന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റുമായി ചില നേതാക്കളും രംഗപ്രവേശം ചെയ്തു. ദേശീയ അന്വേഷണ ഏജൻസിയും അന്വേഷണത്തിന് ആദ്യ ഘട്ടത്തിൽ മുന്നിട്ട് ഇറങ്ങിയതോടെ തീവ്രവാദം എന്ന നിഗമനത്തിൽ എത്തുകയും ചെയ്തു. 

തൊട്ടുപിന്നാലെ കൺവെൻഷൻ സെന്ററിൽ നിന്ന് അതിവേഗത്തിൽ പുറത്തേക്ക് പാഞ്ഞ കാറിനെ ചുറ്റിപ്പറ്റിയായി അന്വേഷണം. ഇതിനിടയിൽ 18 വർഷം മുമ്പ് നടന്ന കളമശേരി ബസ് കത്തിക്കൽ കേസുമായും ഇതിനെ ബന്ധിപ്പിക്കാൻ ആളുകൾ തിടുക്കം കാട്ടി. സമൂഹമാധ്യമങ്ങൾ അപകടം വിതയ്ക്കും എന്ന് കണ്ടറിഞ്ഞ പൊലീസ് കർശന നിരീക്ഷണവുമായി രംഗത്ത് വരികയും ചെയ്തു. ഇതിനിടയിലാണ് കൊടകര പൊലീസ് സ്റ്റേഷനിൽ പ്രതി ഡൊമിനിക് മാർട്ടിൻ കീഴടങ്ങുന്നത്.

Eng­lish Sum­ma­ry: Rumors burst like bubbles
You may also like this video

Exit mobile version