ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് നിലംപൊത്തി. ഇന്നലെ ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന വിനിമയ നിരക്കായ 79.37 രൂപയിലെത്തി.
ഇന്റർബാങ്ക് ഫോറെക്‌സ് വിപണിയിൽ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ച 78.96 ൽ നിന്നും ഇന്നലെമാത്രം 41 പൈസ രൂപയ്‌ക്ക് നഷ്‌ടമായി. അതായത് ഒരു ഡോളർ ലഭിക്കാൻ ഇന്നലെ വേണ്ടിവന്നത് 79.37 രൂപ. നേരിയ നേട്ടത്തോടെയാണ് രൂപ വ്യാപാരം ആരംഭിച്ചത്. 79.04 ലാണ് വ്യാപാരം തുടങ്ങിയത്. ഇത് 79.02 ആയി ഉയര്‍ന്നുവെങ്കിലും നില പരുങ്ങലില്‍ തന്നെ അവസാനിക്കുകയായിരുന്നു.
2022ല്‍ ഇതുവരെ 6.5 ശതമാനം ഇടിവ് രൂപയ്ക്കുണ്ടായി. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് ഡോളറിനെതിരെ മൂല്യത്തില്‍ നാല് രൂപയിലേറെ ഇടിവ് നേരിട്ടിട്ടുണ്ട്.
കുത്തനെ കൂടുന്ന വ്യാപാര കമ്മിയും ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. 2021 ജൂണിനെ അപേക്ഷിച്ച് 62 ശതമാനമാണ് വ്യാപാര കമ്മിയിലുള്ള വര്‍ധന. 2022 ജൂണിലെ കണക്കുപ്രകാരം 2.56 കോടി ഡോളറായാണ് കമ്മി ഉയര്‍ന്നത്.
വിദേശനിക്ഷേപം രാജ്യത്തിന് പുറത്തേയ്ക്ക് ഒഴുകുന്നത് രൂപയ്ക്ക് മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. നടപ്പ് കലണ്ടര്‍വര്‍ഷത്തില്‍ ഇതുവരെ 2.29 ലക്ഷം കോടി രൂപ രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചുകഴിഞ്ഞു. പലിശ കൂടിയതുമൂലം ഇന്ത്യന്‍ കമ്പനികള്‍ പുതിയ വിദേശവായ്പകള്‍ എടുക്കാത്തതും ഈ വര്‍ഷം വലിയ തോതില്‍ വിദേശവായ്പകള്‍ തിരിച്ചടയ്ക്കാനുള്ളതും അസംസ്കൃത എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്.
ഈ വര്‍ഷത്തെ മൂന്നാം പാദമാകുമ്പോഴേയ്ക്കും രൂപയുടെ മൂല്യം 82 നിലവാരത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ നോമുറയുടെ വിലയിരുത്തല്‍. ഇടിവ് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ശ്രമം നടത്തുന്നുണ്ടെങ്കിലും കാര്യമായ പ്രതിഫലനം ഉണ്ടായിട്ടില്ല. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ ഉയര്‍ത്തിയാല്‍ ഡോളര്‍ വീണ്ടും ശക്തമാകുന്നതിനും രൂപ വീണ്ടും ഇടിയുന്നതിനും കാരണമാകും.
ഓഹരിവിപണിയിലും ഇന്നലെ തകര്‍ച്ച നേരിട്ടു. സെന്‍സെക്സ് 0.19 ശതമാനമാണ് ഇടിഞ്ഞത്. കൂടാതെ, നിഫ്റ്റി 0.15 ശതമാനവും ഇടിഞ്ഞിട്ടുണ്ട്. സെന്‍സെക്സ് 100.42 പോയിന്റ് ഇടിഞ്ഞ് 53,134.35 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 24.50 പോയിന്റ് ഇടിഞ്ഞ് 15,810.90 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
English Summary: Rupee downs; The stock market also suffered a setback
You may like this video also