രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. 39 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ല്‍ എത്തി.ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ രൂപ യുഎസ് ഡോളറിനെതിരെ 82.32 ലാണ് വിനിമയം ആരംഭിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് കൈക്കൊള്ളുന്ന നടപടികളാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണം. ഇത് മറ്റ് ഏഷ്യന്‍ കറന്‍സികളേയും സാരമായി ബാധിച്ചിട്ടുണ്ട്.
ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും ആഭ്യന്തര ഓഹരി വിപണിയിലെ ഇടിവും യുഎസ് കറന്‍സി ശക്തിപ്രാപിച്ചതും രൂപയ്ക്കുമേല്‍ അധിക സമ്മര്‍ദ്ദം ചെലുത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിനടുത്താണ് വില. രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണെന്നതും തിരിച്ചടിയാണ്. ആര്‍ബിഐ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം സെപ്റ്റംബര്‍ 30ന് 4.854 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 532.664 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2020 ജൂലൈ മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ ആഴ്ചയില്‍ ഫോറെക്സ് കരുതല്‍ ശേഖരം 537.5 ബില്യണ്‍ ഡോളറായിരുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. വരുംകാലത്ത് കറന്‍സി വീണ്ടും കൂടുതല്‍ ദുര്‍ബലമാകുമെന്നും മൂല്യം 83.5 രൂപ വരെ ഇടിയുമെന്ന ആശങ്കയും സാമ്പത്തിക വിദഗ്ധര്‍ പങ്കുവയ്ക്കുന്നു.
English Summary: Rupee falls 39 paise to fresh all-time low
You may also like this video