Site icon Janayugom Online

കാഴ്ചയില്ലായ്മയെ അതിജീവിച്ച് രൂപേഷ് നേടിയ വിജയത്തിന് സ്വർണ്ണ തിളക്കം

കാഴ്ച്ച ഇല്ലായ്മയെ അതിജീവിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയിൽ രൂപേഷ് നേടിയ വിജയത്തിന് സ്വർണ്ണ തിളക്കം. ആലപ്പുഴ കുതിരപ്പന്തി ആഞ്ഞിലിപ്പറമ്പിൽ വീട്ടിൽ രൂപേഷ് ലോ വിഷൻ കാറ്റഗറിയിലാണ് ഒന്നാം റാങ്ക് നേടിയത്.

90 ശതമാനം കാഴ്ചയില്ലായ്മയെ അതിജീവിച്ചാണ് പറവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഈ കൊമേഴ്സ് അധ്യാപകൻ മിന്നുന്ന വിജയം നേടിയത്. ബിരുദ പഠനത്തിന് ശേഷം കാഴ്ച്ച പൂർണ്ണമായും നഷ്ടപെട്ട രൂപേഷ് ബി കോം, എം കോം, സെറ്റ്, നെറ്റ് പരീക്ഷകളിലും മികച്ച വിജയം നേടിയിരുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാതെ ആയിരുന്നു രൂപേഷ് പരീക്ഷ എഴുതിയത്. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു എച്ച് എസ് എസ് അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റിവ് പരീക്ഷ എഴുതാമെന്ന സുപ്രീം കോടതി വിധി വന്നത്.

പിന്നീട് പത്ത് ദിവസത്തിനുള്ളിൽ പ്രിലിമിനറി പരീക്ഷയും ഏഴ് ദിവസത്തിനുള്ളിൽ പ്രധാന പരീക്ഷയും എഴുതി. സഹ പ്രവർത്തകരായ ശാലിനി, സൗമ്യ, സുജ, സുഷമ എന്നിവർ പുസ്തകങ്ങൾ വായിച്ചും ചർച്ചകൾ നടത്തിയും സഹായവുമായെത്തി. ആലപ്പുഴ ന്യൂ മോഡൽ കയർ മാറ്റ്സ് ആൻഡ് മാറ്റിഗ്സ് സൊസൈറ്റിയിലെ മുൻ ബോർഡ് മെമ്പറും സിപിഐ കുതിരപ്പന്തി പടിഞ്ഞാറ് ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറിയുമായ വി കെ ഹരിദാസിന്റെ മകനാണ് രൂപേഷ്. ഭാര്യ മഞ്ജു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് വീട്ടിലെത്തി രൂപേഷിനെ അനുമോദിച്ചു. സിപിഐ നേതാക്കളായ എൽജിൻ റിച്ചാർഡ്, പി കെ ബൈജു, എച്ച് ഷാജഹാൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Exit mobile version