ഇറാനെതിരായ യുഎസ്- ഇസ്രയേൽ കടന്നാക്രമണത്തെ അപലപിച്ച് റഷ്യ. പരമാധികാരവും സ്വതന്ത്രവുമായ ഒരു യുഎൻ അംഗരാജ്യത്തിനെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്തതും പ്രകോപനമില്ലാത്തതുമായ സായുധ ആക്രമണമാണ് ഇറാനെതിരെ നടന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സൈനിക നടപടി ഉടൻ നിർത്തിവച്ച് നയതന്ത്രത്തിലേക്ക് മടങ്ങണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ആക്രമണങ്ങൾ, മേഖലയിൽ മാനുഷികവും സാമ്പത്തികവും ആണവ ദുരന്തവും ഉണ്ടാക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. യുഎസും ഇസ്രായേലും മധ്യപൂർവദേശത്തെ യുദ്ധക്കെടുതിയിലേക്ക് തള്ളിവിടുകയാണെന്നും നിരുത്തരവാദപരമായ നീക്കങ്ങൾ മേഖലയെ അസ്ഥിരപ്പെടുത്തുമെന്നും മന്ത്രാലയം പറഞ്ഞു.
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ബോംബാക്രമണം അസ്വീകാര്യമാണ്. സംഘർഷം രൂക്ഷമാകുന്നതിന്റെ പൂർണ ഉത്തരവാദിത്തം അമേരിക്കയ്ക്കും ഇസ്രയേലിനുമാണെന്നും റഷ്യ വ്യക്തമാക്കി.
മറ്റ് ലോക രാജ്യങ്ങളും ഇറാനിൽ നടത്തിയ കടന്നാക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ഇറാനിലെ സംഭവവികാസങ്ങൾ വളരെയധികം ആശങ്കാജനകമാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും പറഞ്ഞു. എല്ലാവരും പരമാവധി സംയമനം പാലിക്കാനും അന്താരാഷ്ട്ര നിയമം പൂർണ്ണമായും മാനിക്കാനും ആവശ്യപ്പെടുന്നതായി സംയുക്ത പ്രസ്താവനയിൽ ഇരു നേതാക്കളും പറഞ്ഞു.
സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അന്താരാഷ്ട്ര നിയമം പാലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു. സ്പാനിഷ് പൗരന്മാർക്കായി മേഖലയിലെ എല്ലാ സ്പെയിനിന്റെ എംബസികളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

