Site iconSite icon Janayugom Online

ഒഡിഷയില്‍ മരിച്ച റഷ്യൻ നിയമസഭാംഗം പുടിന്റെ വിമര്‍ശകൻ: യുക്രൈൻ അധിനിവേശത്തെ വിമര്‍ശിച്ച് അയച്ച സന്ദേശം പിന്നീട് പിന്‍വലിച്ചു

ഒഡിഷയിലെ ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ റഷ്യൻ നിയമസഭാംഗവും മനുഷ്യ സ്നേഹിയുമായ പവല്‍ ആന്റോവ് റഷ്യയുടെ യുക്രൈൻ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഒരു സന്ദേശമയച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 24ന് ആണ് പവല്‍ ആന്റോവിനെ ഒഡിഷയിലെ റായ്ഗാഡ ജില്ലയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിന് രണ്ട് ദിവസം മുമ്പ് വ്ലാദിമിര്‍ ബിദെനോവ് എന്ന ഇദ്ദേഹത്തിന്റെ സഹയാത്രികനായ റഷ്യൻ പൗരനെയും ഇതേ ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 

രണ്ട് ദിവസത്തിനിടെ നടന്ന രണ്ട് മരണങ്ങളില്‍ പ്രാദേശിക മാധ്യമങ്ങള്‍ ദുരൂഹത ആരോപിക്കുമ്പോഴാണ് ഇരുവരും റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ വിമര്‍ശകരായിരുന്നുവെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ആണ് പവല്‍ മരിച്ചത്. ശനിയാഴ്ച ഹോട്ടലിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയിലാണ് 65കാരനായ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. 

ഡിസംബര്‍ 22ന് ഇദ്ദേഹത്തിന്റെ സുഹൃത്തും സഹയാത്രികനുമായ വ്ലാദിമിര്‍ ബിദെനോവിനെ അതേ ഹോട്ടലിലെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. ഒന്നാം നിലയിലെ മുറിയില്‍ കാലിയായ ഏതാനും വൈൻ കുപ്പികളുടെ നടുവിലായിരുന്നു ബിദെനോവ് കിടന്നിരുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. അതേസമയം രണ്ട് സംഭവങ്ങളിലും ദുരൂഹതയില്ലെന്നും കൊലപാതകങ്ങളാണെന്ന സംശയമില്ലെന്നുമാണ് റഷ്യൻ എംബസി പറയുന്നത്.

“ഒഡിഷയില്‍ ഞങ്ങളുടെ രണ്ട് പൗരന്മാര്‍ കൊല്ലപ്പെട്ടതായി അറിഞ്ഞിട്ടുണ്ട്. ഇതില്‍ ഒരാള്‍ വ്ലാദിമിര്‍ ഒബ്ലാസ്റ്റിലെ നിയമസഭാംഗമാണ്. പ്രദേശിക ഭരണകൂടവും മരിച്ചവരുടെ ബന്ധുക്കളുമായും ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. പോലീസ് ഈ ദാരുണ സംഭവങ്ങളില്‍ കുറ്റകൃത്യ സാധ്യതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഞങ്ങള്‍ അറിഞ്ഞത്.” ഇന്ത്യയിലെ റഷ്യൻ എംബസി മാധ്യമങ്ങളോട് പറഞ്ഞു.

വ്ലാദിമിര്‍ ബിദെനോവ്, പാവെല്‍ ആന്റോവ് എന്നിവരടങ്ങിയ നാലംഗ റഷ്യൻ വിനോദ സഞ്ചാരികള്‍ ഈമാസം 21നാണ് തങ്ങളുടെ ടൂറിസ്റ്റ് ഗൈഡ് ജിതേന്ദ്ര സിംഗിനൊപ്പം ഹോട്ടലില്‍ റൂമെടുത്തത്. പാവലിന്റെ മരണം ആത്മഹത്യയാണെന്നാണ് ഒരു പോലീസ് ഓഫീസര്‍ പിടിഐയോട് പറഞ്ഞു. തന്റെ സുഹൃത്തിന്റെ മരണത്തില്‍ പാവെല്‍ മാനസിക വിഷമത്തില്‍ ആയിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘത്തിലെ മറ്റ് രണ്ട് പേരോടും ഇവിടെ തന്നെ തുടരാനും അന്വേഷണത്തില്‍ സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബന്ധുക്കളുടെ അനുമതിയോടെ പാവെലിന്റെ മൃതദേഹം തിങ്കളാഴ്ച സംസ്കരിച്ചുവെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എസ്.പി വിവേകാനന്ദ ശര്‍മ്മ അറിയിച്ചു. 61കാരനും പാവെലിന്റെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനുമായ വ്ലാദിമിര്‍ ബിദെനോവിന് സുഖമില്ലാതിരിക്കുകയായിരുന്നു. രാവിലെ റൂമിലെത്തിയപ്പോള്‍ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നെന്നും ഇവരുടെ ഗൈഡ് ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

Eng­lish Sum­mery: Rus­sia Law­mak­er Who Died In Odisha Was A Putin Critic

Exit mobile version