Site iconSite icon Janayugom Online

റഷ്യയില്‍ നിന്നും ഇന്ത്യ മിസൈല്‍ വാങ്ങുന്നു

ഇഗ്ല ആന്റി എയര്‍ ക്രാഫ്റ്റ് മിസൈല്‍ കരാറിന് ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയായി. കൈകളില്‍ വച്ചുകൊണ്ടു തന്നെ ഉപയോഗിക്കാൻ കഴിയുന്ന ഈ മിസൈലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. താഴ്ന്നു പറക്കുന്ന എയര്‍ക്രാഫ്റ്റുകളെ വെടിവച്ചു വീഴ്ത്താൻ ഇഗ്ലക്ക് സാധിക്കും. ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ പ്രതിരോധിക്കാനുമാകും.

9എം342 മിസൈല്‍, 9പി522 ലോഞ്ചിങ് മെക്കാനിസം, 9വി866–2 മൊബൈല്‍ ടെസ്റ്റ് സ്റ്റേഷൻ, 9എഫ്719–2 ടെസ്റ്റ് സെറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ഇഗ്ല‑എസ് എന്ന് ദി ഡിഫൻസ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചൈന, പാകിസ്ഥാൻ അതിര്‍ത്തിരക്ഷ ലക്ഷ്യമിട്ടാണ് ഇഗ്ലയുടെ സംഭരണമെന്ന് പ്രതിരോധ വിദഗ്ധര്‍ സൂചിപ്പിച്ചു. ആയുധ ഇറക്കുമതിയില്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിടുന്നതായി ഇന്ത്യ പ്രഖ്യാപിക്കുമ്പോഴും രാജ്യത്തെ ഏറ്റവും വലിയ ആയുധ ദാതാക്കളായി റഷ്യ തുടരുകയാണ്.

2016 മുതല്‍ 2021 വരെ ഇന്ത്യ ഇറക്കുമതി ചെയ്ത 50 ശതമാനം ആയുധങ്ങളും റഷ്യയില്‍ നിന്നാണ്. സ്റ്റോക്ക്ഹോം പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കുകള്‍ പ്രകാരം 2018 മുതല്‍ 2022 വരെ ഇന്ത്യ ഇറക്കുമതി ചെയ്ത 45 ശതമാനം ആയുധങ്ങളും റഷ്യയില്‍ നിന്നാണ്. ഫ്രാൻസില്‍ നിന്ന് 29 ശതമാനവും യുഎസില്‍ നിന്ന് 11 ശതമാനവുമാണ് ആയുധ ഇറക്കുമതി.

Eng­lish Sum­ma­ry: Rus­sia to sup­ply Igla‑S anti-air­craft mis­siles to India
You may also like this video

Exit mobile version