റഷ്യ- ഉക്രെയ്ന്‍ വിഷയത്തില്‍ വീണ്ടും സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ സ്വര്‍ണവില കഴിഞ്ഞ ഒമ്പത് മാസത്തെ ഏറ്റവും ഉയര്‍ന്നനിലയിലെത്തി. ആഗോള അലുമിനിയം വിതരണത്തിന്റെ ആറ് ശതമാനം കൈയ്യാളുന്നത് റഷ്യയാണ്. പ്രദേശത്തെ സംഘര്‍ഷാവസ്ഥമൂലം അലുമിനിയത്തിന് 15 ശതമാനം വര്‍ധനവാണ് അടുത്ത ദിവസങ്ങളിലുണ്ടായത്.
പ്രകൃതിവാതകത്തിന്റെ വിലയിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2021ല്‍ മാത്രം റഷ്യ 639 ബില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതി വാതകമാണ് വിറ്റഴിച്ചത്. ഇത് ആഗോളതലത്തിലുള്ള മൊത്തം പ്രകൃതിവാതക ഉല്പാദനത്തിന്റെ 17 ശതമാനത്തോളം വരും. കോപ്പര്‍, കൊബാള്‍ട്ട് എന്നിവയാണ് വിലവര്‍ധിക്കുന്ന മറ്റ് ഇനങ്ങള്‍.
ഓഹരിവിപണികളില്‍ വന്‍നഷ്ടം
മുംബൈ: റഷ്യ‑ഉക്രൈന്‍ സംഘര്‍ഷത്തില്‍ യുദ്ധഭീതി ഉടലെടുത്തതോടെ ആഗോളതലത്തില്‍ ഓഹരി വിപണികള്‍ കൂപ്പുകുത്തി. യൂറോപ്പിലെ സ്റ്റോക്സ് 600 1.6 ശതമാനമാണ് ഇടിഞ്ഞത്. ലണ്ടനിലെ എഫ്‌ടിഎസ്ഇ 100 1.4 ശതമാനം താഴ്ന്നു. യുഎസിലെ എസ് ആന്‍ഡ്പി 500 1.8 ശതമാനവും നാസ്ഡാക് 100 2.6 ശതമാനവും താഴെയെത്തി. ഏഷ്യന്‍ വിപണികളിലും ഇതിന്റെ പ്രതിഫലനം ദൃശ്യമായി. ഹോങ്കോങ്ങിലെ ഹാംഗ് സെംഗ് മൂന്നു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.
സെന്‍സെക്സ് 383 പോയിന്റ് ഇടിഞ്ഞ് 57,300.68 പോയിന്റിലും നിഫ്റ്റി 114 പോയിന്റ് ഇടിഞ്ഞ് 17,092.20 പോയിന്റിലുമാണ് വ്യാപാരം നിര്‍ത്തിയത്.
വ്യാപാരത്തിന്റെ തുടക്കത്തിലെ വന്‍ തകര്‍ച്ചയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ആറുലക്ഷം കോടി നഷ്ടമായിരുന്നു. 922 പോയിന്റ് വരെ ഇടിഞ്ഞ സെന്‍സെക്സ് അവസാനഘട്ടത്തില്‍ പിടിച്ചുകയറുകയായിരുന്നു. 19 ബിഎസ്ഇ സെക്ടറല്‍ സൂചികകളും ഇന്നലെ നഷ്ടം രേഖപ്പെടുത്തി.
English Summary: Russia-Ukraine conflict: Gold, copper prices rise in India, stock markets lose ground
You may like this video also