റഷ്യ ഉക്രൈൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നിർണായ ചർച്ചകളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്‌ക്കോ സന്ദർശിക്കും. സെപ്തംബർ 10,11 തീയതികളിൽ അദ്ദേഹം മോസ്കോ സന്ദർശിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. അടുത്തിടെ റഷ്യയും യുക്രെയിനും സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രേമോദി യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഡോവൽ റഷ്യയിലേക്ക് പോകുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
രാഷ്ട്രീയ, നയതന്ത്ര ചർച്ചകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നപരിഹാരത്തിനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റിനെ അറിയിച്ചിരുന്നു. തുടരുന്ന സംഘർഷത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച മോദി ഇരുരാജ്യങ്ങളും നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്നും നിർദ്ദേശിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി നടത്തിയ ടെലിഫാേൺ സംഭാഷണത്തിൽ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ വേണ്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് ഡോവൽ മോസ്കോ സന്ദർശിക്കുമെന്ന് മോദി അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഡോവൽ അടുത്തയാഴ്ച റഷ്യയിലേക്ക് പോകുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയ്ക്ക് പ്രശ്നപരിഹാരത്തിന് നിർണായ പങ്കുവഹിക്കാനാവുമെന്ന് റഷ്യൻ അധികൃതരും വ്യക്തമാക്കിക്കഴിഞ്ഞു. യുദ്ധത്തിന് അവസാനം കാണാൻ ഇരുരാജ്യങ്ങളും തമ്മിലുളള തുറന്ന ചർച്ചവേണമെന്നും പ്രായോഗിക ഇടപെടലുകളിലൂടെയേ പരിഹാരം ഉണ്ടാവൂ എന്നാണ് ഇന്ത്യയുടെ നിലപാട്. ‘നിഷ്‌പക്ഷ നിലപാടല്ല തങ്ങൾക്കുള്ളത്. ഞങ്ങൾ ഒരുപക്ഷത്താണ്. അത് സമാധാനത്തിന്റെ പക്ഷമാണ്. അവിടെ ഞങ്ങൾ ഉറച്ചുനിൽക്കുന്നു’ എന്നാണ് പ്രധാനമന്ത്രി യുക്രെയിൻ സന്ദർശനവേളയിൽ പറഞ്ഞത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ നരേന്ദ്രമോഡി കഴിഞ്ഞ ദിവസം സന്ദശിച്ചിരുന്നു .