Site iconSite icon Janayugom Online

കൂലിപ്പട്ടാളങ്ങള്‍ വാഴുന്ന ലോകം

കൂലിപ്പട്ടാളത്തിന്റെ ചരിത്രം ലോക ചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ്. കുരിശു യുദ്ധകാലത്ത് (എ ഡി 1096 – 1291) തന്നെ ഇത്തരത്തിലുള്ള യോദ്ധാക്കള്‍ ഉണ്ടായിരുന്നു. 1081 ല്‍ ബൈസന്റയിന്‍ സാമ്രാജ്യം അലക്സിയസ് ഒന്നാമന്‍ തുര്‍ക്കികളില്‍ നിന്ന് പിടിച്ചെടുത്തശേഷം 1095ല്‍ തുര്‍ക്കികളുടെ ഭീഷണി നേരിടാന്‍ യൂറോപ്പില്‍ നിന്നും കൂലിപ്പടയാളികളെ ആവശ്യപ്പെട്ടുകൊണ്ട് അര്‍ബന്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ അടുത്തേക്ക് ദൂതന്മാരെ അയച്ചതാണ് ചരിത്രകാലഘട്ടത്തില്‍ ഒരുപക്ഷെ കൂലിപ്പടയാളികളെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം. രാഷ്ട്രീയ താല്പര്യങ്ങളോ പ്രശ്‌നങ്ങളോ പരിഗണിക്കാതെ കൂലി നല്കുന്ന ആര്‍ക്കുവേണ്ടിയും പൊരുതുന്നവനാണ് കൂലിപ്പടയാളി. 17-ാം നൂറ്റാണ്ടുവരെ രാഷ്ട്രങ്ങള്‍ അവരുടെ യുദ്ധങ്ങള്‍ക്കായി ഇത്തരം കൂലിപ്പടയാളികളെ മാത്രമാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ 17-ാം നൂറ്റാണ്ടോടുകൂടി ഒട്ടും വിശ്വസിക്കാനാവാത്ത കൂലിപ്പട്ടാളങ്ങളുടെ സ്ഥാനത്ത് സ്വന്തം രാജ്യങ്ങളില്‍ നിന്നുള്ള സ്ഥിരം പട്ടാളക്കാരെ നിയമിക്കുവാന്‍ ആരംഭിച്ചു. എ ഡി 1435ല്‍ ജനിച്ച ഹാന്‍സ് വാള്‍ഡ്‌മാന്‍ എന്ന സ്വിറ്റ്സര്‍ലണ്ടുകാരന്‍ യൂറോപ്പിലെ പകുതി രാജ്യങ്ങള്‍ക്കും കൂലിപ്പടയാളികളെ വിതരണം ചെയ്തിരുന്നുവത്രെ. ആധുനിക കാലഘട്ടത്തില്‍ അനേകം യുദ്ധങ്ങളില്‍ ഇത്തരം കൂലിപ്പട്ടാളക്കാരുടെ പങ്ക് കാണുവാന്‍ കഴിയും. ചെഗുവേരയെ അറസ്റ്റ് ചെയ്ത് വധിച്ചതും ബൊളീവിയയിലെ സ്വേച്ഛാധിപത്യ സര്‍ക്കാരിനായി യുദ്ധം ചെയ്തതും കൂലിപ്പട്ടാളക്കാരാണ്.

അമേരിക്കന്‍ സര്‍ക്കാര്‍ കൊറിയന്‍ യുദ്ധത്തിലും വിയറ്റ്നാം യുദ്ധത്തിലും ഇത്തരത്തില്‍ യൂറോപ്പില്‍ നിന്നുള്ള ചാവേര്‍ പടയാളികളെ ഉപയോഗിച്ചിരുന്നു. ഈ യുദ്ധങ്ങളില്‍ വലിയതോതില്‍ അമേരിക്കയില്‍ നിന്നും നിര്‍ബന്ധിത സൈനിക സേവനത്തിനയയ്ക്കപ്പെട്ട യുവാക്കള്‍ക്ക് ജീവഹാനി സംഭവിച്ചപ്പോള്‍ സ്വന്തം രാജ്യത്ത് ഉയര്‍ന്ന ജനരോക്ഷം മറികടക്കാനാണ്; ലാറ്റിന്‍ അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്ക ചാവേര്‍ പടയാളികളെ റിക്രൂട്ട് ചെയ്തത്. 20-ാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ ഡോ. നജീബുള്ളയുടെ നേതൃത്വത്തിലുണ്ടായിരുന്ന തെരഞ്ഞെടുക്കപ്പെട്ട ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ താലിബാന്‍ എന്ന തീവ്രവാദി ഗ്രൂപ്പിന് അമേരിക്ക ആയുധങ്ങളും പണവും കൂലിപ്പടയാളികളെയും നല്കി. അഫ്ഗാനിസ്ഥാനിലെ അട്ടിമറിക്ക് തുടര്‍ച്ചയായി ഇറാക്കിലെ സദ്ദാം ഹുസൈന്‍ സര്‍ക്കാരിനെതിരെയും സിറിയയില്‍ ബാഷര്‍ അസദിന്റെ സര്‍ക്കാരിനെതിരെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് അമേരിക്ക ആയുധങ്ങളും സൈനിക പിന്തുണയും നല്കി. ഇത്തരം സായുധ സംഘങ്ങള്‍ ഈ രാജ്യങ്ങളില്‍ നടത്തിയ മനുഷ്യത്വരഹിതമായ ആക്രമണങ്ങളില്‍ ചില സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളിലെ ജനതയൊന്നാകെ നശിപ്പിക്കപ്പെടുകയുണ്ടായി. അഫ്ഗാനിസ്ഥാനിലെ ഹസാരകള്‍, ഇറാക്കിലെയും സിറിയയിലെയും കോപ്റ്റിക് ക്രിസ്ത്യാനികള്‍, കുര്‍ദുകള്‍ എല്ലാം ഇത്തരത്തില്‍ വംശഹത്യക്ക് വിധേയരാക്കപ്പെട്ടു. പൗരാണിക കാലം മുതല്‍ക്കുള്ള ചരിത്ര സ്മാരകങ്ങള്‍, ബാമിയാനിലെ ബുദ്ധപ്രതിമകള്‍, സിറിയയിലെ സ്വപ്ന നഗരങ്ങളായ ബാഗ്ദാദും അലിപ്പോയും എല്ലാം തകര്‍ക്കപ്പെട്ടു. ഇതേ കൂലിപ്പട്ടാളക്കാര്‍ തന്നെ കശ്മീരിലേക്ക് നുഴഞ്ഞുകയറി ആക്രമണങ്ങള്‍ നടത്തുന്നു. പക്ഷെ, ഒരിക്കലും ഈ കൂലിപ്പട്ടാളത്തെയും ചാവേര്‍ പോരാളികളെയും ഉപയോഗിക്കുന്നു എന്ന് അമേരിക്കയടക്കം ഒരു രാജ്യവും സമ്മതിച്ചിട്ടില്ല. പലപ്പോഴും പിടികൂടപ്പെടുമ്പോഴാണ് ഈ കൂലിപ്പടയാളികളുടെ യഥാര്‍ത്ഥ മുഖം വെളിവാകുന്നത്.


ഇതുകൂടി വായിക്കൂ: റഷ്യയിലെ സായുധകലാപം; വസ്തുതകളും ഉത്തരവാദിത്തവും


എന്നാല്‍ ഈയടുത്ത ദിവസങ്ങളില്‍ റഷ്യയില്‍ കൂലിപ്പടയാളികളെ ഉപയോഗിച്ചുകൊണ്ടാണ് അവര്‍ ഉക്രെയ്ന്‍ ആക്രമണം നടത്തിയതെന്ന് പരസ്യമാക്കപ്പെട്ടു. റഷ്യ – ഉക്രെയ്ന്‍ ആക്രമണം അരംഭിച്ചതു മുതല്‍ തന്നെ അവര്‍ ഉക്രെയ്‌നില്‍ കൂലിപ്പട്ടാളത്തെ നിയോഗിക്കുന്നു എന്ന ശക്തമായ ആരോപണം ഉണ്ടായിരുന്നു. ഇക്കാര്യം റഷ്യ നിഷേധിക്കുകയാണുണ്ടായത്. എന്നാല്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇക്കഴിഞ്ഞ 16 മാസത്തിനിടയില്‍ ഏറ്റവും കൂടുതല്‍ രക്തച്ചൊരിച്ചിലുണ്ടായതും പതിനായിരത്തിലധികം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്ത ബഖ്മുത് നഗരം പിടിച്ചെടുക്കാനുള്ള യുദ്ധത്തില്‍ ‘വാഗ്‌നര്‍’ സേനക്ക് കനത്ത നഷ്ടമുണ്ടായിയെന്നും തങ്ങളുടെ പട്ടാളക്കാര്‍ യുദ്ധമുഖത്ത് ആയുധങ്ങളോ പടക്കോപ്പുകളോ ഇല്ലാതെ മരിച്ചുവീഴുകയാണെന്നും ‘യെവെഗ്‌നി പ്രിഗോഷിന്‍’ എന്ന വാഗ്‌നര്‍ കൂലിപ്പടയുടെ മേധാവി പ്രഖ്യാപിച്ചത് ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യ ‘വാഗ്‌നര്‍ സൈന്യം’ എന്ന കൂലിപ്പടയാളികളെ ഉപയോഗിച്ചു എന്നതിന് തെളിവാണ്. ആരാണ് ഈ ‘യെവെഗ്‌നി പ്രിഗോഷിന്‍?’ എന്താണ് ‘വാഗ്‌നര്‍’ സേന? യെവെഗ്‌നി പ്രിഗോഷിന്‍ ഒരു ക്രിമിനലാണ്. അയാളുടെ 18-ാം വയസില്‍ ഒരു സ്ത്രീയെ കൊന്ന് അവരുടെ ആഭരണങ്ങളും കവര്‍ച്ചചെയ്ത് രക്ഷപ്പെട്ട പ്രിഗോഷിന്‍ 1981 മുതല്‍ 1990 വരെ ജയിലിലായിരുന്നു. പുറത്തിറങ്ങി സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ഒരു ചെറിയ കഫേ ആരംഭിച്ചു. അക്കാലത്ത് തുടങ്ങിയതാണ് അന്ന് ഒരു കെജിബി ഉദ്യോഗസ്ഥനായിരുന്ന വ്ളാദിമിര്‍ പുടിനുമായുള്ള സൗഹൃദം. പുടിന്‍ റഷ്യന്‍ പ്രധാനമന്ത്രി ആയതോടെ പ്രിഗോഷിന്റെ ഹോട്ടല്‍ സാമ്രാജ്യം വളര്‍ന്നു. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ റഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി പ്രിഗോഷിന്‍ മാറി.

ഇത്തരത്തില്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ക്രിമിനലുകളും സ്വന്തം ഇഷ്ടക്കാരും മറ്റും ശതകോടീശ്വരന്മാരാവുന്നത് സ്വേച്ഛാധിപതികള്‍ ഭരിക്കുന്ന ഏതു രാജ്യത്തെയും സ്ഥിരം കാഴ്ചയാണ്. പ്രിഗോഷിന്റെ ഒഴുകുന്ന റസ്റ്റോറന്റ് ‘ന്യൂലൈന്റി‘ല്‍ വച്ചായിരുന്നു പുടിന്റെ പിറന്നാളാഘോഷം. 2014ല്‍ റഷ്യയുടെ ആദ്യ ഉക്രെയ്ന്‍ അധിനിവേശ കാലത്താണ് പ്രിഗോഷിന്‍ ഒരു കൂലിപ്പട്ടാളത്തിന്റെ തലവനായത് എന്നാണ് സൂചനകള്‍ വരുന്നത്. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ യുദ്ധം നയിച്ചത് പ്രിഗോഷിന്റെ കൂലിപ്പട്ടാളമാണെന്ന് വാര്‍ത്തകള്‍ വന്നു. വാഗ്‌നര്‍ സംഘം എന്നറിയപ്പെട്ട ഈ കൂലിപ്പട്ടാളം 2014ല്‍ വെറും 250 ക്രിമിനലുകളുമായാണ് ആരംഭിച്ചതത്രെ. പിന്നീട് വിവിധ രാജ്യങ്ങളില്‍ സിറിയ, മധ്യാഫ്രിക്കന്‍ രാജ്യങ്ങള്‍, ഇവിടങ്ങളിലെല്ലാം വാഗ്‌നര്‍ സംഘത്തിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റഷ്യയിലും പുറത്തും വ്ളാദിമിര്‍ പുടിന്റെ എതിരാളികളെ വകവരുത്തുന്നതിലും വാഗ്‌നര്‍ സംഘമാണെന്ന് ആരോപണങ്ങളുയര്‍ന്നു. 2014ല്‍ നിന്ന് 2023ലെത്തുമ്പോള്‍ വാഗ്‌നര്‍ സംഘം വാഗ്‌നര്‍ സേനയായി മാറി 50,000 കൂലിപ്പട്ടാളക്കാര്‍. അവരിലേറെയും തടവുപുള്ളികളും ക്രിമിനലുകളും. പക്ഷെ, 2022 സെപ്റ്റംബര്‍ വരെ വാഗ്‌നര്‍ സംഘവുമായി യാതൊരു ബന്ധവുമില്ല എന്നാണ് പ്രിഗോഷിന്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇത്തരത്തില്‍ ആരോപണമുന്നയിച്ചവര്‍ക്കെതിരെ കേസും കൊടുത്തു.


ഇതുകൂടി വായിക്കൂ: ലെനിന്റെ വര്‍ധിക്കുന്ന പ്രസക്തി | JANAYUGOM EDITORIAL


സോവിയറ്റ് റഷ്യയുടെ വിഘടനത്തിന്റെ നാളുകളില്‍ പൊതുമുതല്‍ കവര്‍ച്ച ചെയ്ത് ധനികരായവരിലൊരാളായിരുന്നുവെങ്കിലും 2022 സെപ്റ്റംബര്‍ വരെ താനാണ് വാഗ്‌നര്‍ സംഘത്തലവന്‍ എന്ന് പ്രിഗോഷിന്‍ സമ്മതിച്ചില്ല. വ്ളാദിമിര്‍ പുടിന്റെ രഹസ്യ അജണ്ടകള്‍ ലോകമെമ്പാടും നടപ്പാക്കിയ വാഗ്‌നര്‍ സംഘം ഇപ്പോള്‍ പുടിനുനേരെ തിരിഞ്ഞിരിക്കുകയാണ്. ഉക്രെയ്ന്‍ യുദ്ധത്തിലാണ് റഷ്യന്‍ പട്ടാളവും വാഗ്‌നര്‍ കൂലിപ്പട്ടാളവും തമ്മില്‍ സ്വരച്ചേര്‍ച്ച നഷ്ടപ്പെടുന്നത്. തങ്ങള്‍ക്ക് ആയുധങ്ങള്‍ നല്കാതെ പതിനായിരത്തിലധികം വാഗ്‌നര്‍ കൂലിപ്പട്ടാളക്കാര്‍, അവരില്‍ മിക്കവരും തടവുപുള്ളികള്‍, യുദ്ധത്തില്‍ മരിച്ചതിന് പ്രിഗോഷിന്‍ ഉത്തരവാദികളായി കാണുന്നത് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു, കമാന്‍ഡര്‍ ഇന്‍ചീഫ് വലേരി ഗെരാസിമോവ് എന്നിവരെയാണ്. ഈ കാരണം പറഞ്ഞാണ് ഉക്രെയ്‌നിലെ സൈനിക നടപടികള്‍ നിയന്ത്രിക്കുന്ന റൊസ്നോവ് വ്യോമത്താവളവും മോസ്കോയില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയുള്ള വോറോനെഷ് നഗരവും വാഗ്‌നര്‍ സംഘം പിടിച്ചെടുത്തത്. എന്നാല്‍ 24-ാം തിയതി അര്‍ധരാത്രിയോടെ ഈ സംഘം വെടിനിര്‍ത്തലിന് സമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്വകാര്യ ലാഭത്തിനുവേണ്ടി ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്ന സ്വേച്ഛാധിപതികള്‍, ഫ്രാങ്ക്സ്റ്റീന്‍ എന്ന ഭീകരരൂപിയെ സൃഷ്ടിച്ച കഥപോലെ അവര്‍ സൃഷ്ടിച്ച ക്രിമിനല്‍ സംഘങ്ങളുടെ ഇരയായി മാറും എന്ന പാഠം ചരിത്രത്തില്‍ നിന്നും പഠിക്കാന്‍ തയ്യാറായില്ല എന്നതാണ് പുടിന്‍ എന്ന ഭരണാധികാരിയെ ഈ വിഷമവൃത്തത്തിലെത്തിച്ചത്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായും അധികാരം നിലനിര്‍ത്തുന്നതിനും രാഷ്ട്രീയ ശത്രുക്കളെ അടിച്ചമര്‍ത്തുന്നതിനും ക്രിമിനലുകളെ കൂട്ടുപിടിക്കുക എന്നത് ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം അധികാരത്തിന്റെ അവസാനത്തേതിന്റെ തുടക്കമായി മാറും. അക്രമി സംഘങ്ങളെ വളര്‍ത്തി ജനാധിപത്യ വാദികളെയും ന്യൂനപക്ഷങ്ങളെയും ആക്രമിച്ചും കൊന്നൊടുക്കിയും ഭരണം കയ്യാളുന്ന സ്വേച്ഛാധിപതികള്‍ക്ക് ഈ അക്രമിസംഘങ്ങളില്‍ നിന്നുതന്നെയാവും തിരിച്ചടികള്‍ നേരിടുക എന്ന് ഒന്നുകൂടി വ്യക്തമാക്കുകയാണ് റഷ്യയിലെ സംഭവവികാസങ്ങള്‍.

Exit mobile version