ഉക്രെയ്ന്റെ പരാജയം ഉറപ്പാക്കാന്‍ ഏത് മാര്‍ഗവും പ്രയോഗിക്കാന്‍ തയ്യാറാണെന്ന് റഷ്യ. ഹെെപ്പര്‍ സോണിക് മിസെെലിന്റെ ഉപയോഗം സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന്റെ പ്രസ്താവന. ഉക്രെയ‍്ന് ദീര്‍ഘദൂര ആയുധങ്ങള്‍ നല്‍കുന്ന യുഎസിനും സഖ്യകക്ഷികള്‍ക്കുമുള്ള മുന്നറിയിപ്പായിരുന്നു ഹെെപ്പര്‍ സോണിക് മിസെെലുകളുടെ ഉപയോഗം. ഉക്രെയ‍്ന്റെ തന്ത്രപരമായ പരാജയം ഉറപ്പാക്കാന്‍ മോസ്കോ ഏത് മാര്‍ഗവും പ്രയോഗിക്കുമെന്ന് അവര്‍ മനസിലാക്കണമെന്നും ലാവ്റോവ് പറഞ്ഞു.
ലോകരാജ്യങ്ങളില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനാണ് പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമം. റഷ്യയാകട്ടെ നിയമാനുസൃതമായ സുരക്ഷാ താല്പര്യങ്ങള്‍ക്കു വേണ്ടിയാണ് പോരാടുന്നത്. റഷ്യയുടെ ദേശീയ സുരക്ഷ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ യുഎസും സഖ്യകക്ഷികളും വിസമ്മതിച്ചു. സമ്പൂര്‍ണ യുദ്ധം ആരംഭിക്കുന്നതിനു മുമ്പ്, 2022 ഏപ്രിലില്‍ തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചകളില്‍ ഒരു കരാറിനുള്ള നിര്‍ദേശങ്ങള്‍ രണ്ട് തവണ നിരസിച്ചതിലൂടെ ഉക്രെയ‍്ന് അതിന്റെ പ്രാദേശിക സമഗ്രത നിലനിര്‍ത്താനുള്ള അവസരം നഷ്ടപ്പെട്ടുവെന്നും ലാവ്റോവ് വ്യക്തമാക്കി.
ഞങ്ങൾ ഈ യുദ്ധം ആരംഭിച്ചിട്ടില്ല. നാറ്റോ സേനയെ റഷ്യന്‍ അതിര്‍ത്തികളില്‍ വിന്യസിക്കുന്നത് പ്രശ്നം സൃഷ്ടിക്കുമെന്ന് വര്‍ഷങ്ങളായി മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി അവതരിപ്പിച്ച സമാധാന പദ്ധതിയും ഈ വർഷം ആദ്യം പ്രഖ്യാപിച്ച വിജയ പദ്ധതിയും അര്‍ത്ഥരഹിതമാണെന്നും ലാവ്റോവ് പറഞ്ഞു.