രണ്ടാംഘട്ട ചര്‍ച്ച ആരംഭിക്കാനിരിക്കേ ഉക്രെയ്‌ന്റെ പല നഗരങ്ങളും പിടിച്ചടക്കി റഷ്യന്‍ സൈനിക മുന്നേറ്റം. പ്രധാന നഗരങ്ങളായ കര്‍കീവും കേര്‍സനും കയ്യടക്കിയെന്ന് അവകാശപ്പെട്ട റഷ്യന്‍ സൈന്യം തുറമുഖ നഗരമായ മരിയുപോളിനെ വളഞ്ഞു. തലസ്ഥാനമായ കീവിനുനേരെയുളള ആക്രമണം ശക്തമായി തുടരുകയുമാണ്. അതിനിടെ വീണ്ടും റഷ്യ ആണവായുധ ഭീഷണി മുഴക്കി. ഒരു മൂന്നാം ലോകയുദ്ധം സംഭവിച്ചാല്‍ ആണവായുധങ്ങള്‍ പ്രയോഗിക്കപ്പെടുമെന്നും വിനാശകരമായിരിക്കുമെന്നും റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു. കീവ് ആണവായുധങ്ങള്‍ നേടിയാല്‍ യഥാര്‍ത്ഥ അപകടം നേരിടേണ്ടി വരുമെന്നും ലവ്‌റോവ് മുന്നറിയിപ്പ് നല്കി.
കര്‍കീവിലെ പൊലീസ് ആസ്ഥാനവും സര്‍വകലാശാലയും മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ആശുപത്രിക്ക് തീയിട്ടു. നാലുപേര്‍ കൊല്ലപ്പെടുകയും ഒമ്പതുപേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. സിറ്റി കൗണ്‍സില്‍ ഓഫിസിലേക്കും മിസൈല്‍ ആക്രമണമുണ്ടായി. കരിങ്കടല്‍ തീരത്തെ നഗരമായ കേര്‍സന്‍ റഷ്യന്‍ സൈന്യത്തിന്റെ പാരാട്രൂപ്പുകളുടെ നിയന്ത്രണത്തിലായി. പ്രാദേശിക ഭരണകേന്ദ്രം ഏറ്റെടുത്തുവെന്നും റയില്‍വേസ്റ്റേഷനും തുറമുഖവും പിടിച്ച് നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം കയ്യടക്കിയെന്നും റഷ്യന്‍ പ്രതിരോധ വക്താവ് ഇഗോര്‍ കൊനഷെങ്കോവ് അറിയിച്ചു. കീവില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയായി റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.
റഷ്യയുടെ വളഞ്ഞിട്ടുള്ള ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ അത്യാഹിതങ്ങള്‍ നേരിടുന്നതായി മരിയുപോള്‍ മേയര്‍ വാദിം ബോയ്ചെങ്കോ പറഞ്ഞു. ജനങ്ങള്‍ക്ക് പുറത്തുപോകാന്‍ കഴിയുന്നില്ലെന്നും കടുത്ത ജലക്ഷാമം നേരിടുന്നതായും അദ്ദേഹം അറിയിച്ചു. തെരുവുകളിലും വീടുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലും പരിക്കേറ്റ് കിടക്കുന്നവര്‍ക്കരികിലേക്ക് എത്താനും സാധിക്കുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു. എന്നാല്‍ മരിയുപോള്‍ പിടിച്ചുവെന്ന റഷ്യന്‍ അവകാശവാദം തെറ്റാണെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ ബെലാറൂസില്‍ ബെലവസ്കയ പുഷ്ച എന്ന സ്ഥലത്ത് നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
English Summary;Russian aggression intensified
You may also like this video